തെല്‍ അവീവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹൂത്തികള്‍ (വീഡിയോ)

Update: 2024-12-19 17:56 GMT

സന്‍ആ: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ആക്രമിക്കാന്‍ മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂത്തികള്‍ പുറത്തുവിട്ടു. ഫലസ്തീന്‍-2 എന്ന പേരിട്ട ഹൈപ്പര്‍സോണിക് മിസൈലുകളാണ് തെല്‍ അവീവിനെ ആക്രമിച്ചത്. വലിയ നാശനഷ്ടമാണ് ഇതുണ്ടാക്കിയത്. തുടര്‍ന്നാണ് ഇന്ന് യെമനെ ഇസ്രായേല്‍ ആക്രമിച്ചത്.

ഇസ്രായേല്‍ എത്ര ആക്രമിച്ചാലും ഗസയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഹൂത്തികളുടെ സൈനിക വക്താവ് യഹ്‌യാ സാരീ പ്രസ്താവനയില്‍ പറഞ്ഞു. തൂഫാനുല്‍ അഖ്‌സക്കു ശേഷമുള്ള അഞ്ചാം ഘട്ട നടപടിയാണ് യെമന്‍ സൈന്യം ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, യുഎസ്സോ അതിന്റെ സഖ്യകക്ഷികളോ യുദ്ധത്തിനൊരുങ്ങുന്നതിനെ ഭയക്കുന്നില്ലെന്ന് യെമന്‍ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് അലി അല്‍ ഹൂത്തി പറഞ്ഞു. '' കഴിഞ്ഞ പത്തുവര്‍ഷമായി അവരെ ഞങ്ങള്‍ നേരിടുന്നുണ്ട്. അവരെയൊന്നും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളുടെ ജനങ്ങളെ ബോംബിടുമ്പോളും ഗസയില്‍ വംശഹത്യ നടക്കുമ്പോളും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തികളൊന്നുമില്ല. അപ്പുറത്ത് അമേരിക്കയാണോ മറ്റാരെങ്കിലുമാണോ എന്നൊന്നും ഞങ്ങള്‍ നോക്കില്ല.''

ഇസ്രായേലിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ യുഎസ് കപ്പലുകള്‍ക്ക് ചെങ്കടലിലൂടെ സഞ്ചരിക്കാമെന്നും മുഹമ്മദ് അലി അല്‍ഹൂത്തി പറഞ്ഞു. യെമനെതിരേ സൗദിയും യുഎഇയും നടത്തുന്ന സൈനികനടപടികളില്‍ യുഎസിന് പങ്കാളിത്തമുണ്ട്. അവര്‍ ഇട്ട ബോംബുകള്‍ യുഎസ് നിര്‍മിതാണ്. ഇസ്രായേല്‍ ഇട്ട ബോംബുകളും യുഎസ് നിര്‍മിതമാണ്. അതിനാല്‍ വലിയൊരു യുദ്ധത്തെ കുറിച്ചൊന്നും പറഞ്ഞ് ആരും ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.