സന്‍ആ: സൊമാലിലാന്‍ഡിലെ ഇസ്രായേലി ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. യുഎസുമായി നേരിട്ടോ അവരുടെ പ്രോക്‌സികളുമായോ ഉള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ല. അടുത്ത റൗണ്ട് യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്‍സാറുല്ല പ്രവര്‍ത്തിക്കുന്നത്. സൊമാലിലാന്‍ഡിലെ ഇസ്രായേലി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, അന്‍സാറുല്ലയെ ലക്ഷ്യമിട്ട് യുഎസ് സര്‍ക്കാര്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം, പലതരത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ വില്‍പ്പന എന്നിവയിലാണ് ഉപരോധം. 21 വ്യക്തികളും യെമനിലും ഒമാനിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.