ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിയുടെ വീട് തകര്‍ത്തു

Update: 2025-01-20 00:39 GMT

കൊച്ചി:ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്. സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു. സംഭവത്തില്‍ ഋതുവിനെ പോലിസ് പിടികൂടിയതിനെ തുടര്‍ന്ന് അയാളുടെ മാതാവ് വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.