ഛത്തീസ്ഗഢിലെ ഹൗസ് ചര്‍ച്ചുകള്‍ക്ക് അനൗപചാരിക വിലക്ക്; രഹസ്യ പ്രാര്‍ത്ഥനാ യോഗങ്ങളുമായി വിശ്വാസികള്‍

Update: 2025-09-16 13:19 GMT

ഛത്തീസ്ഗഡിലെ റായ്പൂരിലെ പെന്തകോസ്ത് പള്ളികളിലെ നൂറോളം പാസ്റ്റര്‍മാരുമായി ആഗസ്റ്റ് 14ന് പോലിസ് ഒരു യോഗം നടത്തി. ജില്ലാ കലക്ടറുടെ അനുമതി വാങ്ങാതെ റായ്പൂരില്‍ ഹൗസ് ചര്‍ച്ചുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് പോലിസ് പാസ്റ്റര്‍മാരോട് ആവശ്യപ്പെട്ടത്. വാക്കാലുള്ള ഈ നിര്‍ദേശം ഹൗസ് ചര്‍ച്ചുകള്‍ക്കുള്ള അനൗപചാരിക നിരോധനമാണെന്ന് ക്രിസ്ത്യന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

വിശ്വാസികളുടെ വീടുകളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന ചെറിയ സംവിധാനങ്ങളാണ് ഹൗസ് ചര്‍ച്ചുകള്‍, അവ ഔപചാരികമായ പള്ളിക്കെട്ടിടങ്ങളില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏതാനുംവര്‍ഷമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വരുടെ പ്രധാന ലക്ഷ്യമായി ഈ ഹൗസ് ചര്‍ച്ചുകള്‍ മാറിയിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ, ഛത്തീസഗ്ഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 86 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരേ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം ഛത്തീസ്ഗഡിനാണ്. ഉത്തര്‍പ്രദേശാണ് ഒന്നാമത്.

ഞായറാഴ്ചകളില്‍ പെന്തകോസ്തുകാര്‍ ഒത്തുകൂടുന്ന വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളാണ് കൂടുതലും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹിന്ദുത്വ സംഘടനകളാണ് ഹൗസ് ചര്‍ച്ചുകളെ ആക്രമിക്കാനുള്ള ആള്‍ക്കൂട്ടത്തെ നയിക്കുന്നതെന്ന് പെന്തകോസ്തുകാര്‍ പറയുന്നു. 'വിഎച്ച്പിയും ബജ്‌റങ് ദളും ഹൗസ് പള്ളികളില്‍ മീറ്റിംഗുകള്‍ നടക്കുന്നിടത്തെല്ലാം പോയി ബഹളം സൃഷ്ടിക്കുന്നു. അവര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയും ആളുകളെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.'- ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറി അങ്കുഷ് ബാരിയേക്കര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനൊപ്പം പോലിസുകാര്‍ ഉണ്ടാവാറുണ്ടെന്നും പോലിസുകാര്‍ ഹിന്ദുത്വര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ സംസ്ഥാനത്തെ അന്തരീക്ഷം മോശമായതിനാലാണ് ഹൗസ് ചര്‍ച്ചുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് ചില പോലിസുകാര്‍ പറഞ്ഞതായി ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഡങ്കേശ്വര്‍ സാഹു വെളിപ്പെടുത്തി. അന്തരീക്ഷം മോശമായതിനാല്‍ നിയമം അതിന് മുന്നില്‍ മുട്ടുമടക്കേണ്ടതുണ്ടോയെന്നാണ് ഡങ്കേശ്വര്‍ സാഹു ചോദിക്കുന്നത്.

എന്നാല്‍, ഹൗസ് ചര്‍ച്ചുകള്‍ക്ക് നിരോധമില്ലെന്നും കലക്ടറുടെ അനുമതി നിര്‍ബന്ധമാണെന്നും പാസ്റ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ലഖന്‍ പട്ടേല്‍ പറഞ്ഞു. ഹൗസ് ചര്‍ച്ചുകള്‍ക്ക് അനുമതി തേടി ചിലര്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അനുമതികള്‍ ലഭിച്ചില്ലെന്ന് അന്ന് യോഗത്തില്‍ പങ്കെടുത്ത പാസ്റ്റര്‍ രാകേഷ് ജയരാജ് പറഞ്ഞു

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആദിവാസി മേഖലകളില്‍ നടന്ന മിഷണറി പ്രവര്‍ത്തനങ്ങളാണ് ഛത്തീസ്ഗഡില്‍ ക്രിസ്തുമതത്തിന് അടിത്തറയുണ്ടാക്കിയത്. റോമന്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ പള്ളികള്‍ പോലുള്ള പഴയതും പ്രധാനവുമായ സഭകള്‍ക്ക് ഔപചാരിക പള്ളികളും ലക്ഷക്കണക്കിന് അംഗങ്ങളുമുണ്ട്. ഇതിന് വിപരീതമായി ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്ഥാനത്ത് എത്തിയ പെന്തക്കോസ്ത് വിഭാഗങ്ങള്‍ എണ്ണത്തില്‍ കുറവാണ്. അവര്‍ സ്വകാര്യ വീടുകളിലാണ് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നത്. കത്തോലിക്കര്‍ കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ പെന്തകോസ്തുകാരുടെ ശ്രദ്ധ പരിശുദ്ധാത്മാവിലാണെന്ന് മാസിഹ് സത്സംഗ് സമൂഹ് പെന്തക്കോസ്ത് ചര്‍ച്ച് നടത്തുന്ന ബാരിയേക്കര്‍ പറഞ്ഞു.

പരിശുദ്ധാത്മാവിലൂടെ ദൈവവുമായുള്ള നേരിട്ടുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കുന്ന പെന്തക്കോസ്ത് വിഭാഗം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്രിസ്തുമത വിഭാഗമാണ്. രോഗശാന്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അനുഭവപരമായ വിശ്വാസമെന്ന നിലയില്‍ അത് വളര്‍ച്ചക്കൊപ്പം അക്രമവും നേരിടേണ്ടി വരുന്നു.

ഛത്തീസ്ഗഡില്‍, 1990കളുടെ അവസാനം മുതല്‍ ക്രിസ്ത്യന്‍ വിരുദ്ധ അക്രമം സ്ഥിരമായി നടക്കാറുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ ഇത് ശക്തമായി. 2022 ഡിസംബറില്‍ നാരായണ്‍പൂര്‍ ജില്ലയില്‍ ഹിന്ദുത്വ സംഘങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തി, ആദിവാസികളായ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ ഗ്രാമങ്ങളില്‍ നിന്നും പുറത്തായി. ഇപ്പോള്‍ സംസ്ഥാനത്തുടനീളം അക്രമം വ്യാപകമായതായി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ ആഴ്ചയും അഞ്ചോ എട്ടോ ആക്രമണങ്ങള്‍ നടക്കുന്നതായി ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.

ഹൗസ് ചര്‍ച്ചുകളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തുന്നതെന്ന് അരുണ്‍ പന്നലാല്‍ പറയുന്നു. 'പെന്തക്കോസ്റ്റല്‍ പള്ളികളിലെ ഏകദേശം 90 ശതമാനം അനുയായികളും ക്രിസ്ത്യാനികളല്ലാത്തവരാണ്, അവര്‍ ഔദ്യോഗികമായി ക്രിസ്തുമതം പാലിക്കുന്നില്ല. അവര്‍ തങ്ങളുടെ മതം നിലനിര്‍ത്തുകയും അതിനൊപ്പം ക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഹിന്ദുക്കളാണ്.'-അരുണ്‍ പന്നലാല്‍ വിശദീകരിച്ചു. റായ്പൂരിലും മധ്യ ഛത്തീസ്ഗഡിലെ മറ്റ് ജില്ലകളിലും പെന്തക്കോസ്ത് പള്ളികളുടെ അനുയായികളില്‍ ഭൂരിഭാഗവും ദലിത്, പിന്നോക്ക ജാതി സമൂഹങ്ങളില്‍ പെട്ടവരാണ്.

ഹൗസ് ചര്‍ച്ചുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഇല്ലെന്ന് പോലിസ് ആരോപിച്ചെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറി ഡങ്കേശ്വര്‍ സാഹു പറഞ്ഞു. ദൈവവിശ്വാസത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെടുന്നത് എന്നു മുതലാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുക്കള്‍ വീടുകള്‍ക്കുള്ളിലും വളപ്പിലും ചെറിയ ക്ഷേത്രങ്ങള്‍ സൂക്ഷിക്കുന്നത് പോലെയുള്ള കാര്യമാണിത്. ഓരോ ഗണപതി പന്തലിനും ഓരോ ഭഗവദ്ഗീത പ്രാസംഗികനും രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടോയെന്നും അദ്ദേഹം അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ മുഖ്യധാരാ സഭകളില്‍ ലയിക്കാന്‍ പോലിസുകാര്‍ ആവശ്യപ്പെട്ടതായ് ബാരിയേക്കര്‍ പറഞ്ഞു. അതിനോട് പെന്തകോസ്തുകാര്‍ക്ക് യോജിപ്പില്ല. പെന്തകോസ്തുകാരുടെ ആചാരങ്ങളും പ്രാര്‍ത്ഥനാ രീതികളും മറ്റ് സഭകളില്‍ നിന്നും വ്യത്യസ്തമാണെന്നും മറ്റുള്ളവര്‍ ജനനം കൊണ്ട് ക്രിസ്ത്യാനികളാവുന്നവരാണെന്നും ബാരിയേക്കര്‍ വിശദീകരിച്ചു.

നിരവധി ഹൗസ് ചര്‍ച്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. '' പോലിസിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ ആകര്‍ഷിക്കാതെ ദൈവ പ്രാര്‍ത്ഥന തുടരുന്നതിന് ഞങ്ങള്‍ വ്യത്യസ്ത തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. അതിനാല്‍ ചില ഹൗസ്ചര്‍ച്ചുകള്‍ അവരുടെ പ്രാര്‍ത്ഥന യോഗങ്ങള്‍ ഞായറാഴ്ചകള്‍ക്ക് പകരം പ്രവൃത്തി ദിവസങ്ങളിലേക്ക് മാറ്റി, മറ്റുള്ളവ അതിരാവിലെ തന്നെ നടത്തുന്നു. ''-അദ്ദേഹം പറഞ്ഞു.