ഹോര്‍മുസിലെ സൈനിക നീക്കം നാറ്റോയുടെ ദൗത്യമല്ല; ട്രംപിന് ഫ്രാന്‍സിന്റെ മറുപടി
പാരിസ്: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളില്‍ പങ്കുചേരാനാവില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഫ്രാന്‍സിന്റെ പ്രതികരണം. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഇത്തരം ദൗത്യങ്ങള്‍ക്കായി രൂപീകരിച്ചതല്ലെന്ന് ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആലീസ് റൂഫോ വ്യക്തമാക്കി.
യൂറോ-അറ്റ്ലാന്റിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൈനിക സഖ്യമാണ് നാറ്റോ എന്ന് ആലീസ് റൂഫോ ഓര്‍മ്മിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടികള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും, നാറ്റോയുടെ ഘടന തന്നെ അതിന് അനുവദിക്കുന്നില്ല, കടലിടുക്കില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നാണ് ഫ്രാന്‍സിന്റെയും ആഗ്രഹമെന്നും മന്ത്രി ആലീസ് വ്യക്തമാക്കി.
സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത ഒഴിവാക്കി, നാറ്റോയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാത്രമാണ് ആ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതെന്നും റൂഫോ കൂട്ടിച്ചേര്‍ത്തു. നാറ്റോ വെറുമൊരു കടലാസ് പുലി ആണെന്നും അതില്‍ നിന്ന് പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. യുഎസ്-ഇസ്രായേല്‍ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ ഭീരുക്കളെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. അതേസമയം ഇറാനെതിരായ സൈനിക നടപടി രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
