അറബിക്കടലിലും ചെങ്കടലിലും മൂന്നു കപ്പലുകള്‍ തകര്‍ത്ത് ഹൂത്തികള്‍

ഇസ്രായേലി ശത്രുക്കളുമായും അമേരിക്കയുടെയും ബ്രിട്ടന്റെയും താല്‍പ്പര്യങ്ങളുമായി ബന്ധമുള്ള 196 കപ്പലുകള്‍ ഇതുവരെ തകര്‍ത്തതായും ഹൂത്തികള്‍ അറിയിച്ചു

Update: 2024-10-29 07:33 GMT

സന്അ: ഇസ്രായേല്‍ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച മൂന്നു കപ്പലുകള്‍ തകര്‍ത്ത് ഹൂത്തികള്‍. അറബിക്കടലില്‍ രണ്ടു കപ്പലുകളും ചെങ്കടലില്‍ ഒരു കപ്പലുമാണ് തകര്‍ത്തതെന്ന് അന്‍സാറുല്ലാ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു.

അറബിക്കടലിന്റെ ദക്ഷിണഭാഗത്ത് രണ്ട് മിലിട്ടറി ഡ്രോണുകള്‍ ഉപയോഗിച്ച് എസ്‌സി മോണ്‍ട്രിയല്‍ എന്ന കപ്പലാണ് തകര്‍ത്തത്. രണ്ടാം ഓപ്പറേഷനില്‍ അറബിക്കടലില്‍ മെര്‍സ്‌ക് കമ്പനിയുടെ കോലൂന്‍ എന്ന കപ്പലിനെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്നാം ഓപ്പറേഷനില്‍ മൊട്ടാരോ എന്ന കപ്പലിനെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.

അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതിന് മറുപടിയായാണ് ആക്രമണമെന്ന് യെമന്‍ സായുധ സേന അറിയിച്ചു. അധിനിവേശ ഫലസ്തീനിലെ ഇസ്രായേലി ശത്രുക്കളുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളും ലക്ഷ്യത്തിലുണ്ട്. ഗസയിലെയും ലെബനാനിലെയും അധിനിവേശം അവസാനിപ്പിച്ചാല്‍ മാത്രമേ കപ്പലുകളെ ലക്ഷ്യമിടുന്നത് നിര്‍ത്തൂ. ഇസ്രായേലി ശത്രുക്കളുമായും അമേരിക്കയുടെയും ബ്രിട്ടന്റെയും താല്‍പ്പര്യങ്ങളുമായി ബന്ധമുള്ള 196 കപ്പലുകള്‍ ഇതുവരെ തകര്‍ത്തതായും അദ്ദേഹം വ്യക്തമാക്കി.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അധിനിവേശ ഫലസ്തീനിനുള്ള പിന്തുണ തുടരുന്നുവെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അല്‍ ഹൂത്തി വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

Tags: