ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞെന്ന്: ഹോം ഗാര്‍ഡുമാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു

Update: 2025-09-18 14:04 GMT

കൊച്ചി: ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞതിന് ഏറ്റുമുട്ടി ഹോംഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പോലിസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത്. പള്ളുരുത്തി ട്രാഫിക്ക് എസ്ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കവും തുടര്‍ന്ന് തമ്മില്‍ തല്ലും. ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടുത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. വാക്കുതര്‍ക്കമാണ് കൈയ്യാങ്കളിയില്‍ എത്തിയത്. തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്കുമെതിരേ നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.