''സംഭലില്‍ ഉച്ചയ്ക്ക് 2.30 വരെ ഹോളി ആഘോഷം; ശേഷം ജുമുഅ നമസ്‌കാരം'': പോലിസ്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹോളി ദിനമായ മാര്‍ച്ച് 14ന് ജുമുഅ നമസ്‌കാരത്തിന്റെ സമയം മാറ്റിയെന്ന് പോലിസ്. മാര്‍ച്ച് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ സംഭലിലെ ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുമെന്നും അതിന് ശേഷം മുസ്‌ലിംകള്‍ ജുമുഅ നടത്തുമെന്നും എസ്പി കൃഷന്‍ ബിഷ്‌ണോയ് പറഞ്ഞു. നഗരത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഏഴു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയെ(പിഎസി) വിന്യസിക്കും. സംഭലിലെ സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്നും എസ്പി പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം അടുത്തിടെ നിര്‍മിച്ച സത്യവ്രത് പോലിസ് ഔട്ട് പോസ്റ്റില്‍ പ്രത്യേക ആന്റിനയും സ്ഥാപിച്ചു. പുതുതായി സ്ഥാപിച്ച കണ്‍ട്രോള്‍ റൂമിന് വേണ്ടിയാണ് ഈ ആന്റിന. നഗരത്തെ ആറ് സോണുകളും 29 സെക്ടറുകളുമായി വേര്‍തിരിച്ച് മജിസ്‌ട്രേറ്റുമാര്‍ക്ക് ചുമതല നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്രര്‍ പെന്‍സിയയും പറഞ്ഞു.
അതേസമയം, ലഖ്‌നോവിലെ പള്ളികളിലെ ജുമുഅ നമസ്‌കാരം രണ്ടു മണിയിലേക്ക് മാറ്റിയതായി ഈദ്ഗാഹ് ഇമാം മൗലാനാ ഖാലിദ് റഷീദ് ഫാരംഗി മഹാലി പറഞ്ഞു. ഇസ്‌ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് അംഗവുമാണ് മൗലാനാ ഖാലിദ് റഷീദ് ഫാരംഗി മഹാലി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ലഖ്‌നോവില്‍ ഹോളി ആഘോഷം നടക്കുക.
ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നു ജീവിക്കുന്ന പ്രദേശങ്ങളില്‍ ഹോളിദിനത്തില്‍ ജുമുഅ നമസ്‌കാരം 2.30ന് നടത്തിയാല്‍ മതിയെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാനാ മുഫ്തി ഷഹാബുദ്ദീന്‍ റാസ്‌വി അഭ്യര്‍ത്ഥിച്ചു. ഹോളി ദിനത്തില്‍ മൂന്നോ നാലോ മണിക്കൂറോ പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
