'' ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍; വെള്ളിയാഴ്ച്ച നമസ്‌കാരം 52 തവണ, നിറങ്ങളില്‍ അസ്വസ്ഥതയുള്ളവര്‍ വീടിന് പുറത്തിറങ്ങേണ്ട'': സംഭല്‍ സിഒ (VIDEO)

Update: 2025-03-06 16:47 GMT

സംഭല്‍: മാര്‍ച്ച് പതിനാല് വെള്ളിയാഴ്ച്ച ഹോളിയായതിനാല്‍ നിറങ്ങളോട് അസ്വസ്ഥതയുള്ളവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധുരി. വെള്ളിയാഴ്ച ഹോളി ദിനം വരുന്നതിനാല്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച സമാധാന കമ്മിറ്റി കൂടിയിരുന്നു. ഇതിന് ശേഷമാണ് അനുജ് ചൗധുരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

''വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ വര്‍ഷത്തില്‍ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയാല്‍, അവര്‍ ആ ദിവസം വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ ഉദ്ദേശിച്ചുള്ളതായതിനാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് വിശാലമായ മനോഭാവം ഉണ്ടായിരിക്കണം''- അനുജ് ചൗധുരി പറഞ്ഞു. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അനുജ് ചൗധുരിയുടെ പ്രസ്താവനക്കെതിരെ സമാജ്‌വാദി പാര്‍ട്ടി വക്താവ് ശര്‍വേന്ദ്ര ബിക്രം സിംഗ് രംഗത്തെത്തി. പോലിസ് ഉദ്യോഗസ്ഥന്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'' മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ പരസ്യമായി പക്ഷപാതം കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിക്കരുത്.'' -അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതേതര സ്വഭാവമുള്ളവരായിരിക്കണമെന്ന് കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനീഷ് ഹിന്ദ്‌വി പറഞ്ഞു. എന്നാല്‍ മാത്രമേ രാജ്യത്തിന് മുന്നോട്ടു പോവാനാവൂ. ഒരു മതക്കാര്‍ നിറങ്ങള്‍ ഉപയോഗിച്ച് ആഘോഷങ്ങള്‍ നടത്തുന്നത് മറ്റു വിഭാഗങ്ങളില്‍ ഭയമോ അരക്ഷിതാവസ്ഥയോ സൃഷ്ടിക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഒരു ഉദ്യോഗസ്ഥന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ശിവക്ഷേത്രമായിരുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് 2024 നവംബര്‍ 24ന് ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നിരുന്നു. അന്ന് അനുജ് ചൗധുരിയും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. പ്രദേശത്ത് ഹിന്ദുത്വര്‍ നടത്തിയ ഹനുമാന്‍ യാത്രക്കിടെ ഇയാള്‍ ഗദയുമായി നടന്നത് ഏറെ ചര്‍ച്ചയായിരുന്നു.