ഗസയിലെ ഇസ്രായേലിന്റെ അപകടകരമായ പദ്ധതികളെ ഫലസ്തീനികള്‍ പരാജയപ്പെടുത്തി: ഹിസ്ബുല്ല
ബെയ്‌റൂത്ത്: ഗസയിലെ ഇസ്രായേലിന്റെ അപകടകരമായ പദ്ധതികളെ ഫലസ്തീന്‍ പ്രതിരോധപ്രസ്ഥാനങ്ങള്‍ പരാജപ്പെടുത്തിയെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചത് ഗസയിലെ പ്രതിരോധപ്രസ്ഥാനത്തിന്റെ ശക്തിയും സന്നദ്ധതയുമാണ് തെളിയിക്കുന്നത്. 2024 മേയില്‍ തയ്യാറാക്കിയ ശുപാര്‍ശകള്‍ അടങ്ങിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലിന്റെ പരാജയവും ഫലസ്തീന്‍ പ്രതിരോധപ്രസ്ഥാനങ്ങളുടെ വിജയവുമാണ് കാണിക്കുന്നത്. ലബ്‌നാനില്‍ ഹിസ്ബുല്ല നടത്തിയ ചരിത്രപരമായ ഏറ്റുമുട്ടലുകളും ഗസയിലെ ഫലസ്തീനി വിജയത്തെ സ്വാധീനിച്ചു. ഹിസ്ബുല്ലയെ തകര്‍ക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഹിസ്ബുല്ലയും അമല്‍ പ്രസ്ഥാനവും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ജോസഫ് അഔനെ ലബ്‌നാന്റെ പ്രസിഡന്റാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ലബ്‌നാനിലെ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരമായി ലംഘിക്കുന്ന ഇസ്രായേലിന് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.