തിരുവനന്തപുരം: 15നും 24നും ഇടയില്‍ പ്രായമായ യുവാക്കളില്‍ എച്ച്‌ഐവി ബാധ കൂടിവരുകയാണെന്ന് സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി. 2022ല്‍ കേരളത്തിലെ ആകെ അണുബാധിതരില്‍ ഒന്‍പതുശതമാനം യുവാക്കളായിരുന്നു. 2023-ല്‍ ഇത് 12 ശതമാനമായി. 2024-ല്‍ 14.2 ആയി. 2025 ഏപ്രില്‍മുതല്‍ ഒക്ടോബര്‍വരെ അണുബാധിതരില്‍ 15.4 ശതമാനം ഈ പ്രായക്കാരാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്‌ഐവി വാഹകരാക്കുന്നത്. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്.
സംസ്ഥാനത്ത് നിലവില്‍ 23,608 എച്ച്‌ഐവി ബാധിതരുണ്ട്. 2022 ഏപ്രില്‍മുതല്‍ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ(4,477)വരില്‍ 62.5 ശതമാനം പേര്‍ക്കും ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനംപേര്‍ക്ക് സ്വവര്‍ഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് സൂചിപങ്കിട്ടുള്ള മയക്കുമരുന്നുപയോഗത്തിലൂടെയും. ഗര്‍ഭകാലത്ത് അമ്മമാരില്‍നിന്ന് പകര്‍ന്നത് 0.9 ശതമാനം ശിശുക്കള്‍ക്ക്. 3.7 ശതമാനത്തിന് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല. മൂന്നുവര്‍ഷത്തിനിടെ അണുബാധിതരായവരില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളും 19 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 90 പേര്‍ ഗര്‍ഭിണികളായിരുന്നു. എച്ച്‌ഐവിയും സിഫിലിസും പകരുന്നതു തടയാന്‍ സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കാമ്പയിന് തുടക്കംകുറിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഡയറക്ടര്‍ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു.
