പശുക്കളെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
ജയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ഭീല്‍വാരയിലാണ് സംഭവം. മധ്യപ്രദേശിലെ മന്ദോസര്‍ സ്വദേശിയായ ശേരു സുസാദിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കേസെടുത്തതായി ഭീല്‍വാര പോലിസ് അറിയിച്ചു. അഞ്ചുപേരെ അറസ്റ്റും ചെയ്തു. പശുക്കളെ കടത്തിയെന്ന് ആരോപിച്ചും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശേരുവിന്റെ ബന്ധുവായ മന്‍സൂര്‍ പ്രേംലയാണ് പോലിസില്‍ പരാതി നല്‍കിയത്. ഭീല്‍വാരയിലെ ലാമ്പിയ കന്നുകാലി ചന്തയില്‍ നിന്നും സെപ്റ്റംബര്‍ 16ന് ഒരു കാളയെ വാങ്ങിയെന്നും അതുമായി പിക്കപ്പ് ട്രക്കില്‍ നാട്ടിലേക്ക് വരുകയായിരുന്നു ശേരുവും ബന്ധുവായ മുഹ്‌സിനുമെന്ന് മന്‍സൂര്‍ പറഞ്ഞു. സെപ്റ്റംബര്‍ 16ന് മൂന്നു മണി കഴിഞ്ഞപ്പോള്‍ സില്‍വര്‍ നിറത്തിലുള്ള ഒരു വാഹനം ട്രക്കിനെ പിന്തുടരാന്‍ തുടങ്ങി. കൂടാതെ മോട്ടോര്‍സൈക്കിളിലും ചിലരെത്തി. അവര്‍ ട്രക്ക് തടഞ്ഞു. പശുക്കളെ കശാപ്പ് നടത്തിയെന്ന് ആരോപിച്ച് അക്രമം അഴിച്ചുവിട്ടു.
ദേവ ഗുര്‍ജാര്‍, കുനാല്‍ മാല്‍പുര, പ്രദീപ് രാജ്പുരോഹിത്, നിതേഷ് സൈനി തുടങ്ങിയവരാണ് ആക്രമിസംഘത്തിലുണ്ടായിരുന്നത്. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് മുഹ്‌സിന്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചു. ശേരുവിന്റെ കൈവശമുണ്ടായിരുന്ന 36,000 രൂപയും അക്രമികള്‍ തട്ടിയെടുത്തു. അതിന് ശേഷം കുനാല്‍ ശേരുവിന്റെ ഫോണ്‍ എടുത്ത് ബന്ധുക്കളെ വിളിച്ചു. 50,000 രൂപ നല്‍കിയാല്‍ ശേരുവിനെ വിടാമെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഫോണ്‍ ഓഫായി. അതിന് ശേഷം ഭീല്‍വാരയിലെ ആശുപത്രിയില്‍ ശേരുവിനെ കണ്ടെത്തി. അവിടെ നിന്ന് ചികില്‍സക്കായി ജയ്പൂരിലേക്ക് മാറ്റി. മൂന്നു ദിവസത്തിന് ശേഷം ശേരു മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
