മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ ഹിന്ദുത്വര്‍ എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നതായി റിപോര്‍ട്ട്

Update: 2025-10-15 11:04 GMT

വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ ഹിന്ദുത്വര്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി റിപോര്‍ട്ട്. യുഎസിലെ വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് എന്ന സംഘടനയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ 1,326 പോസ്റ്റുകളാണ് സെന്റര്‍ പരിശോധിച്ചത്. മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കാര്യങ്ങളെ എഐയില്‍ കൂടി അവതരിപ്പിക്കുകയാണ് ഹിന്ദുത്വര്‍ ചെയ്യുന്നത്. മുസ്‌ലിംകളെ അക്രമികളും അധാര്‍മികരും വഞ്ചകരുമായാണ് ചിത്രീകരിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ ലൈംഗികവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇസ് ലാമിക ചിഹ്നങ്ങളെ ദേശവിരുദ്ധവുമാക്കുന്നു. ഇത് ഫോട്ടോഷോപ്പില്‍ നിന്നും മീം നിര്‍മാണത്തില്‍ നിന്നുമുള്ള കുതിച്ചുചാട്ടമാണ്. ഓണ്‍ലൈനില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വ മാധ്യമങ്ങളായ ഓപ്പ് ഇന്ത്യ, പാഞ്ചജന്യ, സുദര്‍ശന്‍ ന്യൂസ് എന്നിവക്ക് നിര്‍ണായക പങ്കുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമോഫോബിയ എന്താണെന്ന് മനസിലാക്കി എ ഐ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് റിപോര്‍ട്ട് ആവശ്യപ്പെടുന്നത്.