നൈനിത്താളില്‍ ഖബറടക്കം തടഞ്ഞ് ഹിന്ദുത്വര്‍ (video)

Update: 2025-05-30 13:39 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നൈനിത്താളിലെ ഗൗജാനി ഗ്രാമത്തിലെ ഖബര്‍സ്ഥാനില്‍ മയ്യത്ത് മറവ് ചെയ്യുന്നത് തടഞ്ഞു. ബിജെപി നേതാവ് മദന്‍ ജോഷി അടക്കമുള്ള സംഘമാണ് ഖബറടക്കം തടഞ്ഞത്. ഖബര്‍സ്ഥാന് സമീപം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഹിന്ദുത്വര്‍ ഖബറടക്കം തടയാന്‍ എത്തിയത്. എന്നാല്‍, പ്രതിഷേധവുമായി മുസ്‌ലിം യുവാക്കളും എത്തി. മുസ്‌ലിം യുവാക്കള്‍ ഖബറില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. 

സംഘര്‍ഷാവസ്ഥയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രമോദ് കുമാറും കോട്‌വാലി പോലിസും എത്തി. അവര്‍ മുസ്‌ലിം യുവാക്കളെ ഖബറില്‍ നിന്നും പുറത്താക്കി. ഇതോടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി പ്രദേശത്ത് എത്തി. ഇതിന് പിന്നാലെ പ്രദേശത്ത് കേന്ദ്ര പോലിസ് സേനയായ സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ജവാന്‍മാരെ വിന്യസിച്ചു. ഹിന്ദുത്വരുടെ എതിര്‍പ്പ് പരിഗണിച്ച് മൃതദേഹം മറ്റ് ഏതെങ്കിലും പ്രദേശത്ത് മറവ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുഴി മണ്ണിട്ട് മൂടി.