റായ്പൂര്‍: ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് സര്‍വ് സമാജ് എന്ന കൂട്ടായ്മ ആഹ്വാനം ചെയ്ത ഛത്തീസ്ഗഡ് ബന്ദ് പൂര്‍ണം. കടകളും സ്വകാര്യ ഓഫിസുകളും വരെ അടഞ്ഞുകിടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഛത്തീസ്ഗഡ് ചേംപര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങള്‍ തെരുവില്‍ ഇറങ്ങി കടകള്‍ പൂട്ടിക്കിടക്കുന്നുവെന്ന് ഉറപ്പാക്കി. റായ്പൂര്‍, ബിലാസ്പൂര്‍, ജഗദല്‍പൂര്‍, കാങ്കര്‍, ദന്തേവാദ, ബലോദ് തുടങ്ങിയ നഗരങ്ങളിലും ബന്ദ് അതിശക്തമായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രകടനവും നടത്തി.
കാങ്കര്‍ ജില്ലയിലെ ബഡേ തെവ്ദ ഗ്രാമത്തിലെ സര്‍പഞ്ചായ രാജ്മന്‍ സലമിന്റെ പിതാവിന്റെ ശവസംസ്‌കാരം ക്രിസ്തുമത ആചാരപ്രകാരം ഗ്രാമത്തില്‍ നടത്താന്‍ തീരുമാനിച്ചതാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. മൃതദേഹം ഗ്രാമത്തില്‍ നിന്നും എടുത്തുമാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഡിസംബര്‍ പതിനാറിന് ഇത് വലിയ സംഘര്‍ഷത്തിനും കാരണമായി. പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്കാണ് അക്രമസംഭവങ്ങളില്‍ പരിക്കേറ്റിരുന്നത്. ഏതാനും പള്ളികളും ഹിന്ദുത്വര്‍ തകര്‍ക്കുകയുണ്ടായി.