യുപിയില്‍ ദര്‍ഗ പൊളിച്ച കേസില്‍ അറസ്റ്റിലായ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകന് സ്വീകരണം

Update: 2026-02-21 11:21 GMT

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ദര്‍ഗ പൊളിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകനെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുത്വ സംഘം. ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറങ്ങിയ പ്രിന്‍സ് താക്കൂര്‍ എന്ന യുവാവിന് സ്വീകരണം നല്‍കിയത്. ഇത്തരം കേസുകളില്‍ ഹിന്ദു രക്ഷാദള്‍ കൂടെ ഉണ്ടാവുമെന്ന് പിങ്കി ചൗധരി ഉറപ്പ് നല്‍കി.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ ദര്‍ഗ പൊളിക്കുന്ന വീഡിയ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 16നാണ് പ്രിന്‍സ് താക്കൂര്‍ അറസ്റ്റിലായത്.

ഗാസിയാബാദിലെ ഹിന്ദോന്‍ നദി പാലത്തിനടുത്തുള്ള ഛത്ത് പൂജാ ഘാട്ടിലെ ഫ്‌ലൈഓവറിന് കീഴിലായ സ്ഥിതിചെയ്യുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു ദര്‍ഗയാണ് തകര്‍ത്തത്.

നന്ദഗ്രാം സ്വദേശിയായ പ്രിന്‍സ് താക്കൂര്‍ ദര്‍ഗ കാലുകൊണ്ട് അടിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളോടൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താക്കൂര്‍ തന്നേയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദര്‍ഗ 'നിയമവിരുദ്ധമായി നിര്‍മ്മിച്ച കയ്യേറ്റം' ആണെന്ന് ആരോപിച്ച താക്കൂര്‍, ഇത്തരം നിര്‍മാണങ്ങള്‍ ഹിന്ദു രക്ഷാ ദള്‍ സഹിക്കില്ലെന്നും അധികാരികള്‍ നീക്കം ചെയ്യാത്ത പക്ഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഭീഷണി മുഴക്കിയത്.

സാഹിബാബാദ് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് ശ്വേത യാദവ് അറസ്റ്റ് സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രിന്‍സ് താക്കൂറിനെതിരെ മതസൗഹാര്‍ദത്തിന് മുറിവേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.