അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡ് മുസ്‌ലിം സര്‍വ്വകലാശാല കാംപസിന് സമീപത്തെ ഷംഷാദ് ചന്തയ്ക്കുള്ളില്‍ ക്ഷേത്രമുണ്ടെന്ന് ഹിന്ദുത്വ സംഘടനയായ അഖില്‍ ഭാരതീയ കര്‍ണിസേന. ഒരു ആഴ്ച്ചക്കുള്ളില്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് കൈമാറിയില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കുമെന്ന് കര്‍ണിസേന നേതാവ് ഗ്യാനേന്ദ്ര ചൗഹാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ പ്രദേശത്തേക്ക് മാര്‍ച്ചും നടത്തി. ഇത് പോലിസ് തടഞ്ഞു. തുടര്‍ന്ന് സംഘടന നിവേദനം നല്‍കി.
തന്റെ കുടുംബം 1899ല്‍ പ്രദേശത്ത് ഒരു ക്ഷേത്രം നിര്‍മിച്ചിരുന്നതായി പരിപാടിയില്‍ പങ്കെടുത്ത അഭിഷേക് ഖണ്ഡേവാല്‍ എന്നയാള്‍ പറഞ്ഞു. ഈ ക്ഷേത്രത്തിന്റെ 460 യാര്‍ഡ് സ്ഥലവും ധര്‍മശാലയും കിണറും ഇതരമതസ്ഥര്‍ തട്ടിയെടുത്തിരിക്കുകയാണെന്നും അഭിഷേക് ആരോപിച്ചു. നിവേദനം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ വീര്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു.