സംഭല്‍ ശാഹീ മസ്ജിദിനെ നവംബര്‍ 19ന് വലം വയ്ക്കുമെന്ന് ഹിന്ദുത്വര്‍

Update: 2025-11-16 16:07 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ മസ്ജിദിനെ നവംബര്‍ 19ന് വലം വയ്ക്കുമെന്ന് ഹിന്ദുത്വ സംഘടനയായ ഹരിഹര്‍ സേന. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹരജി നല്‍കിയ രാജ് ഗിരി എന്നയാളാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദില്‍ സര്‍വേ നടത്താമെന്ന സിവില്‍ കോടതി ഉത്തരവിന്റെ വാര്‍ഷികത്തിലാണ് വലം വയ്ക്കല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതലാണ് പരിപാടി നടക്കുകയെന്ന് കേല ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ കൂടിയായ രാജ് ഗിരി പറഞ്ഞു. ഏകദേശം രണ്ടരകിലോമീറ്റര്‍ നീളത്തിലാണ് ഹിന്ദുത്വ പരിപാടി നടത്തുക. സാമൂഹികവും മതപരവുമായ പരിപാടിയാണ് ഇതെന്ന് അവകാശപ്പെടുന്നതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാരോപിച്ച് മസ്ജിദ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കെതിരേ പോലിസ് കേസെടുത്തു. മസ്ജിദ് കമ്മിറ്റിയിലെ ഹാഫിസ്, മുഹമ്മദ് ഖാസിഫ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഒക്ടോബര്‍ എട്ടിന് മസ്ജിദ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാണ് സുപ്രണ്ടിങ് എഞ്ചിനീയര്‍ വിനോദ് സിങ് റാവത്ത് നല്‍കിയ പരാതി പറയുന്നത്.

മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ 2024 നവംബര്‍ 19നാണ് സിവില്‍ കോടതി ഉത്തരവിട്ടത്. മസ്ജിദ് കമ്മിറ്റിയുടെ ഭാഗം പോലും കേള്‍ക്കാതെയായിരുന്നു ഉത്തരവ്. അന്നു തന്നെ 150ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം സര്‍വെ നടത്തി. പിന്നീട് കോടതി ഉത്തരവില്ലാതെ നവംബര്‍ 24ന് സര്‍വേക്കെത്തി. ജയ് ശ്രീരാം വിളിച്ചാണ് സംഘം എത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു.