''മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്ക് ഭീഷണിയായിരുന്നില്ല; ഇടതുപക്ഷവും ലിബറലുകളുമാണ് ഭീഷണി'' : അസം മുഖ്യമന്ത്രി
കൊല്‍ക്കത്ത: മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്ക് ഭീഷണിയായിരുന്നില്ലെന്നും ഇടതുപക്ഷവും ലിബറലുകളുമാണ് ഏറ്റവും വലിയ ഭീഷണിയെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമാന്ദ ബിശ്വ ശര്‍മ. ഹിന്ദുസമുദായത്തിന് അകത്ത് നിന്ന് സമുദായത്തെ ദുര്‍ബലപ്പെടുത്തുന്നവരെയാണ് ഭീഷണിയായി കാണേണ്ടതെന്നും കൊല്‍ക്കത്തയില്‍ വിവേകാനന്ദ അനുസ്മരണത്തില്‍ സംസാരിക്കവെ ഹിമാന്ദ ബിശ്വ ശര്‍മ പറഞ്ഞു.
പശ്ചിമബംഗാളിലെ ഹിന്ദുസമുദായത്തെ ഇടതുപക്ഷവും ലിബറലുകളും ദുര്‍ബലപ്പെടുത്തിയെന്നും ഹിമാന്ദ ബിശ്വ ശര്‍മ ആരോപിച്ചു. അതിന്റെ തുടര്‍ച്ചയാണ് മമത ബാനര്‍ജി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ നാഗരികതക്ക് 5,000ല്‍ അധികം വര്‍ഷത്തിന്റെ പഴക്കമുണ്ട്. അത് 1947ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉണ്ടായതല്ല. ഇന്ത്യ പ്രകൃത്യാല്‍ തന്നെ മതനിരപേക്ഷ രാജ്യമാണ്. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പാഠം ആരും ഇന്ത്യയെ പഠിപ്പിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ഇല്ലാതാവുമെന്ന് രാഹുല്‍ഗാന്ധിയോ മമതയോ ആഗ്രഹിച്ചാലും നടക്കില്ല. ഹിന്ദു നാഗരികത നിലനില്‍ക്കുകയും വളരുകയും ചെയ്യും. നിരവധി നാഗരികതകള്‍ വരുകയും പോവുകയും ചെയ്തു. ഹിന്ദു നാഗരികത ഇപ്പോഴും തുടരുന്നു. 500 വര്‍ഷത്തിന് ശേഷം രാമക്ഷേത്രം നിര്‍മിച്ചു. ഇനി വഖ്ഫ് നിയമം ഇല്ലാതാക്കുമെന്നും ഹിമാന്ദ ബിശ്വ ശര്‍മ കൂട്ടിചേര്‍ത്തു.