ഹിമാലയത്തില്‍ നിന്ന് അല്‍ഭുദ സിദ്ധി നേടിയെന്ന് വിശ്വസിപ്പിച്ച് 12 കോടി തട്ടിയവര്‍ക്കെതിരെ കേസ്

Update: 2025-02-11 01:13 GMT

കണ്ണൂര്‍: ഹിമാലയത്തില്‍ നിന്ന് അല്‍ഭുദസിദ്ധി നേടിയെന്ന് പറഞ്ഞ് പലരില്‍ നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്. ഹിമാലയന്‍ തേര്‍ഡ് ഐ ട്രസ്റ്റ് എന്ന സംഘടനയുടെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ ഡോ. അഷറഫ്, ഡോ. അഭിന്ദ്, കെ എസ് പണിക്കര്‍, അനിരുദ്ധന്‍, വിനോദ്കുമാര്‍, സനല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഉന്നതി, വിദ്യാഭ്യാസ ഉന്നതി, ജോലി ഉയര്‍ച്ച, സന്താനഭാഗ്യം തുടങ്ങിയവ ലഭിക്കുമെന്ന് പ്രചരിപ്പിച്ച് സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടത്തി പണം തട്ടിയെന്നാണ് തട്ടിപ്പിന് ഇരയായ രണ്ടു പേര്‍ പോലിസില്‍ നല്‍കിയ പരാതി പറയുന്നത്.

ഒന്നാം പ്രതി ഡോ. അഷറഫ് എന്ന ഹിമാലയന്‍ ഗുരു അഷറഫ് ബാബയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്യാസികളില്‍നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെട്ടിരുന്നത്. ഗുരുവിന്റെ ഊര്‍ജവലയത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ പല കഴിവുകളും ഉണരുമെന്ന് വിശ്വസിപ്പിച്ച് വിനോദസഞ്ചാര ട്രിപ്പുകള്‍ക്ക് കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഗുരുദക്ഷിണയായി 14,000 രൂപയാണ് വാങ്ങുക. ഗുരുവിന്റെ അനുഗ്രഹത്തിനായി ആയിരമോ പതിനായിരമോ ലക്ഷമോ നല്‍കാം. ഇതിനായി 1,000 പേരടങ്ങുന്ന വാട്‌സ്ആപ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്.പണം നല്‍കി കുറേ നാളുകള്‍ക്ക് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതായതോടെയാണ് പലരും പരാതിയുമായി പോലിസിനെ സമീപിച്ചത്.