സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം അനുവദിക്കണമെന്ന ഡിഡിഇ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Update: 2025-10-17 10:42 GMT

കൊച്ചി: ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ മുസ്‌ലിം പെണ്‍കുട്ടിയെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് വി ജി അരുണ്‍, സ്റ്റേറ്റ് അറ്റോണിയോട് ആവശ്യപ്പെട്ടു. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സ്‌കൂളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, കോടതി വിസമ്മതിച്ചു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ഉചിതമായ ഉത്തരവ് ഇറക്കാമെന്ന് കോടതി വ്യക്തമാക്കി.

യൂനിഫോം നയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നേരത്തെ സ്‌കൂളിന് ഹൈക്കോടതി പോലിസ് സംരക്ഷണം അനുവദിച്ചിരുന്നു. എന്നാല്‍, പുതിയ ഹരജിയുമായി സ്‌കൂള്‍ വീണ്ടും എത്തുകയായിരുന്നു. സ്‌കൂളുകളില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നും ഡിഡിഇയുടെ അനുമതി നടപ്പാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തുമെന്നും സ്‌കൂള്‍ വാദിച്ചു. സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത അണ്‍ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനമായതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഡിഡിഇ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാവില്ല. അതിനാല്‍, ഡിഡിഇയുടെ നോട്ടീസ് റദ്ദാക്കണം, സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ മേല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരപരിധിയില്ലെന്ന് പ്രഖ്യാപിക്കണം, സ്ഥാപനത്തിനെതിരെ നിര്‍ബന്ധിത നടപടി തടയണം എന്നിവയാണ് ഹരജിയിലെ ആവശ്യങ്ങള്‍.