അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര റെയില്‍വേ മന്ത്രി

Update: 2026-02-02 15:24 GMT

ന്യൂഡല്‍ഹി: അതിവേഗ റെയില്‍പാത സംബന്ധിച്ച കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിനായി അതിവേഗ റെയില്‍പാത പദ്ധതിയുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പറയുന്നതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ? തുടങ്ങിയ കാര്യങ്ങളായിരുന്നു കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു അശ്വിനി വൈഷ്ണവ് ചോദിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ച ശേഷം കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും അതിവേഗ റെയിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അപ്പോഴും മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.

ഇ ശ്രീധരന്‍ അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് എന്തെങ്കിലും അറിയാമോ? എന്ന ചോദ്യത്തിന് ഇ ശ്രീധരന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നായിരുന്നു അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടി. കേരളത്തിലെ റെയില്‍വേ മേഖലയെ കുറിച്ചും കേരളത്തിലെ റെയില്‍വേ പാളങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇ ശ്രീധരന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി വ്യക്തത വരുത്തിയില്ല.