റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതിയ നിര്‍ദേശം

Update: 2022-02-15 05:40 GMT
കൊച്ചി: റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. അമിത ഭാരം കയറ്റുന്നതും,പരിശോധനകള്‍ ഒഴിവാക്കാന്‍ വാഹനങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ വയ്ക്കുന്നവര്‍ക്കെതിരേയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശിച്ചത്.

പരിശോധനകള്‍ ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍, കേരള സ്‌റ്റേറ്റ്, ഗവണ്‍മെന്റ് വെഹിക്കിള്‍ തുടങ്ങിയ ബോര്‍ഡുകള്‍ വയ്ക്കുന്നതു വ്യാപകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വാഹനമാണെന്ന പ്രതീതിയുണ്ടാക്കുകയും അതുവഴി പരിശോധനകള്‍ ഒഴിവാക്കുകയും ടോള്‍ നല്‍കാതിരിക്കുകയുമൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു കര്‍ശനമായി തടയേണ്ടത് പോലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.

റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതിയ നിര്‍ദേശം.

ചരക്കു വാഹനങ്ങളില്‍ ഓവര്‍ലോഡ് കയറ്റുന്നത് മറ്റു റോഡ് യാത്രക്കാരുടെ ജീവന ഭീഷണിയാണെന്ന് നേരത്തെയുള്ള വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്കു കടന്നിട്ടില്ലെന്നും അതി ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നവരെ മാത്രമാണ് അത്തരം നടപടിക്കു വിധേയമാക്കുന്നതെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. നിയമ ലംഘകരോട് ഇത്തരം കരുണയുടെ കാര്യമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Tags:    

Similar News