രാംപൂര്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമണം: അഞ്ച് കുറ്റാരോപിതരെയും വെറുതെവിട്ട് ഹൈക്കോടതി, 17 വര്‍ഷത്തെ തടവിന് ശേഷമാണ് ഇവര്‍ നിരപരാധികളെന്ന് കണ്ടെത്തിയത്, നാലു പേരെ തൂക്കിക്കൊല്ലാനായിരുന്നു വിചാരണക്കോടതി വിധി
അലഹബാദ്: ഉത്തര്‍പ്രദേശിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ചെന്ന കേസിലെ പ്രതികളായ നാലുപേരുടെ വധശിക്ഷയും ഒരാളുടെ ജീവപര്യന്തം തടവും അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാന്‍ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ്, സബാഹുദ്ദീന്‍, മുഹമ്മദ് ശരീഫ് എന്നിവരുടെ വധശിക്ഷയും ജങ് ബഹദൂര്‍ ഖാന്‍ എന്നയാളുടെ ജീവപര്യന്തം തടവുമാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മയും രാം മനോഹര്‍ നരെയ്ന്‍ മിശ്രയും റദ്ദാക്കിയത്.
2007 ഡിസംബര്‍ 31ന് രാത്രിയാണ് രാംപൂരിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടന്നത്. ഏഴ് സിആര്‍പിഎഫ് ജവാന്‍മാരും ഒരു റിക്ഷാവലിക്കാരനും കൊല്ലപ്പെട്ടു. 2019 രാംപൂര്‍ സെഷന്‍സ് കോടതിയാണ് യുഎപിഎ നിയമപ്രകാരം കുറ്റാരോപിതരെ ശിക്ഷിച്ചത്. തുടര്‍ന്ന് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിആര്‍പിഎഫ് ക്യാംപ് ആക്രമണം സംശയാതീതമായി തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് അപ്പീലില്‍ വാദം കേട്ട് ഹൈക്കോടതി പറഞ്ഞു. കുറ്റാരോപിതരെ തിരിച്ചറിയല്‍ പരേഡ് പോലും നടത്തിയില്ല.
കുറ്റാരോപിതരുടെ പേര് എങ്ങനെയാണ് അറിഞ്ഞതെന്ന് പറയാന്‍ പോലും പോലിസ് കൊണ്ടുവന്ന സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. കുറ്റാരോപിതര്‍ക്ക് കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്നത് കൊണ്ടും പോലിസ് അവരെ പിടിച്ചതു കൊണ്ടും മാത്രം അവര്‍ ഈ കുറ്റം ചെയ്തിട്ടുണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിആര്‍പിഎഫ് ക്യാംപില്‍ നിന്നും സിആര്‍പിഎഫ് കണ്ടെടുത്ത വെടിയുണ്ടകള്‍ പ്രതികളില്‍ നിന്നും പിടിച്ചുവെന്നു പറയുന്ന തോക്കുകളില്‍ നിന്നുള്ളതാണെന്ന് തെളിയിക്കാനുമായില്ലെന്ന് കോടതി വിശദീകരിച്ചു. അതിനാല്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമണത്തില്‍ പ്രതികളെ കുറ്റവിമുക്തമാക്കി. എന്നാല്‍, എകെ 47 തോക്കുകളും ഗ്രനേഡുകളും ബോംബുകളും പിടിച്ചെന്ന പോലിസ് ആരോപണത്തില്‍ ആയുധനിയമപ്രകാരം അഞ്ചുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചു. നിലവില്‍ 17 വര്‍ഷം തടവില്‍ കഴിഞ്ഞതിനാല്‍ അഞ്ചുപേരും ഉടന്‍ മോചിതരാവും. പോലിസ് തോക്കുകളും ബോംബുകളും തങ്ങളുടെ വീട്ടില്‍ കൊണ്ടുവച്ചുവെന്നാണ് കുറ്റാരോപിതര്‍ വാദിക്കുന്നത്.
വിധിയില്‍ സന്തോഷമുണ്ടെന്ന് അഞ്ചുപേര്‍ക്കും നിയമസഹായം നല്‍കിയ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി പറഞ്ഞു. കുറ്റാരോപിതര്‍ക്കെതിരേ തീവ്രവാദക്കേസുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇനി ആയുധ നിയമ പ്രകാരമുള്ള ശിക്ഷക്കെതിരേ സുപ്രിംകോടതിയെ സമീപിക്കും. നേരത്തെ വിചാരണക്കോടതി മുഹമ്മദ് കൗസര്‍, ഗുലാബ് ഖാന്‍, ഫഹീം അന്‍സാരി എന്നിവരെ വെറുതെവിട്ടിരുന്നു.
