ലണ്ടന്‍: ലബ്‌നീസ് പ്രതിരോധ സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നീ കാപ്പ് റാപ്പര്‍ ലിയാം ഓജി ഓ ഹന്നെയ്ദിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. കഴിഞ്ഞ നവംബറില്‍ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണില്‍ നടന്ന പരിപാടിയില്‍ ഹിസ്ബുല്ലയുടെ പതാക വീശിയെന്നതായിരുന്നു ലിയാം ഓജി ഓ ഹന്നെയ്ദിനെതിരായ ആരോപണം. എന്നാല്‍, ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞാണ് കേസെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അതിന് നിലനില്‍പ്പില്ലെന്നും വൂള്‍വിച്ച് ക്രൗണ്‍ കോടതി ചീഫ് മജിസ്‌ട്രേറ്റ് പോള്‍ ഗോള്‍ഡ്‌സ്പ്രിങ് പറഞ്ഞു.
തങ്ങളെ നിശബ്ദരാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കോടതി വളപ്പില്‍ വച്ച് ലിയാം ഓജി ഓ ഹന്നെയ്ദ് മാധ്യമങ്ങളോട് പറഞ്ഞു. ''ഈ കേസും നടപടിയും എന്നെ കുറിച്ചായിരുന്നില്ല. അത് ഗസ എന്ന വാക്കിനെ കുറിച്ചായിരുന്നു. അതിനെ കുറിച്ച് സംസാരിച്ചാല്‍ എന്തുസംഭവിക്കും എന്നു കാണിക്കുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. ഞങ്ങളെ നിശബ്ദരാക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു. കാരണം ഞങ്ങള്‍ ശരിയും അവര്‍ തെറ്റുമാണ്. അവരുടെ കോടതിയില്‍ പോരാടി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇതാ വിജയിച്ചിരിക്കുന്നു. ഈ ഭൂമിയില്‍ ആരെങ്കിലും തീവ്രവാദിയായി ഉണ്ടെങ്കില്‍ അത് ബ്രിട്ടീഷ് സര്‍ക്കാരാണ്. ഫലസ്തീന്‍ സ്വതന്ത്രമാവും. ''-ലിയാം ഓജി ഓ ഹന്നെയ്ദ് പറഞ്ഞു.
