ബെയ്‌റൂത്ത്: സയണിസ്റ്റുകള്‍ക്കെതിരേ ഹമാസ് തൂഫാനുല്‍ അഖ്‌സ നടത്തുന്ന കാര്യം ഹിസ്ബുല്ലയ്ക്ക് അറിയില്ലായിരുന്നുവെന്ന് സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഓപ്പറേഷന്‍ കഴിഞ്ഞ് അല്‍പ്പദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസ് കമാന്‍ഡര്‍ രക്തസാക്ഷി മുഹമ്മദ് ദെയ്ഫിന്റെ സന്ദേശം എത്തിയത്. ലബ്‌നാനിലെ അവരുടെ ഒരു അംഗമാണ് അത് എത്തിച്ചത്. ഇറാനോ ഹമാസിന്റെ വിദേശത്തുള്ള നേതൃത്വത്തില്‍ ഒരു വിഭാഗത്തിനോ തൂഫാനുല്‍ അഖ്‌സയെ കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുമായി ലെബ്‌നാനില്‍ വച്ച് സംസാരിച്ചു. ഈ യോഗത്തില്‍ സയ്യിദ് ഹസന്‍ നസറുല്ലയും ഫലസ്തീനി പ്രതിനിധികളും പങ്കെടുത്തു. ഗസയ്ക്ക് പിന്തുണയായി ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങള്‍ നിലവിലെ തോതില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് അന്ന് ധാരണയായി.
ഹിസ്ബുല്ലയുടെ ഷൂറാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഗസയ്ക്ക് പിന്തുണ നല്‍കാന്‍ ഇസ്രായേലിനെ ആക്രമിച്ചത്. 2023 ഒക്ടോബര്‍ എട്ട് മുതല്‍ ഷെബാ ഫാമുകളില്‍ ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ടായിരുന്നെങ്കിലും ഒമ്പതാം തീയ്യതിയാണ് ശൂറ കൂടിയത്. വലിയ യുദ്ധത്തിന് വലിയ തയ്യാറെടുപ്പുകള്‍ വേണ്ടതിനാലാണ് അളന്നുകുറിച്ചുള്ള ആക്രമണങ്ങള്‍ നടത്തിയത്. വലിയ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് അപ്പോള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, സാഹചര്യങ്ങള്‍ നിരീക്ഷിച്ച് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം. '' ജിഹാദി കൗണ്‍സില്‍ ശുപാര്‍ശകള്‍ നല്‍കും. ഇത് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നമ്മള്‍ ഈ രീതിയില്‍ ആക്രമണം നടത്തണോ? ഡ്രോണ്‍ വിക്ഷേപിക്കണോ? മിസൈല്‍ വിക്ഷേപിക്കണോ? ഇതെല്ലാം ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുന്നത്.''
ഈ ആക്രമണങ്ങളില്‍ ഹിസ്ബുല്ലയ്ക്ക് മൂന്നു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഇസ്രായേലി സൈനികരെ വികേന്ദ്രീകരിക്കലായിരുന്നു ആദ്യ ലക്ഷ്യം.'' ഞങ്ങള്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഇസ്രായേലി സൈന്യം ഗസയ്ക്ക് പുറമെ വടക്കന്‍ ഫലസ്തീനിലും യുദ്ധം ചെയ്യേണ്ടി വന്നു. അവരുടെ സാമൂഹിക പ്രതിസന്ധിയായിരുന്നു രണ്ടാം ലക്ഷ്യം. സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ പ്രതിസന്ധിയുണ്ടാക്കല്‍. പരമാവധി സൈനികരെ കൊലപ്പെടുത്തുക എന്നതായിരുന്നു മൂന്നാം ലക്ഷ്യം. എത്ര സൈനികര്‍ കൊല്ലപ്പെടുന്നോ അത്രയും അവര്‍ പരാജയത്തിന് അടുത്തെത്തും.''- ശെയ്ഖ് നഈം ഖാസിം വിശദീകരിച്ചു. ആദ്യ രണ്ടു മാസം ഈ രീതിയിലുള്ള പിന്തുണ ഗസയ്ക്ക് നല്‍കാനായിരുന്നു തീരുമാനം. പക്ഷേ, യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ക്രൂരത ശക്തമാക്കിയപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ തലത്തില്‍ ഇസ്രായേലി ചാരന്‍മാര്‍ നുഴഞ്ഞുകയറിയിട്ടില്ലെന്നും ശെയ്ഖ് നഈം ഖാസിം പറഞ്ഞു. പേജറുകള്‍ വാങ്ങുന്ന സംവിധാനങ്ങള്‍ ശത്രുവിന് അറിയാമെന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ കൈവശമുള്ള സാങ്കേതിക വിദ്യകള്‍ കൊണ്ട് പേജറുകളിലെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇലക്ട്രോണിക്‌സ്, ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് സയണിസ്റ്റുകള്‍ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നത്. അത് വളരെ വലിയ തോതിലായിരുന്നു എന്നു മനസിലായിരുന്നില്ല. പിന്നീട് തുര്‍ക്കിയില്‍ നിന്നും വാങ്ങിയ 1,500 പേജറുകളില്‍ ചാര സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്തി. ലബ്‌നാന്‍ പ്രധാനമന്ത്രിയായിരുന്ന നജീബ് മികാതി, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി സംസാരിച്ച് അവ നശിപ്പിച്ചു.
തെല്‍ അവീവിന് നേരെ നടത്തിയ ആക്രമണങ്ങള്‍ വളരെ കൃത്യതയോടെ പ്ലാന്‍ ചെയ്തതാണെന്നും ശെയ്ഖ് നഈം ഖാസിം പറഞ്ഞു. ''സൈനിക കമാന്‍ഡ് വഴി സെക്രട്ടറി ജനറല്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.''
''സിറിയയിലെ ഭരണമാറ്റം പ്രതിരോധത്തിന്റെ അച്ചുതണ്ടിന് ഒരു നഷ്ടമായിരുന്നു. ഫലസ്തീനികള്‍ക്ക് സിറിയ സഹായങ്ങള്‍ നല്‍കിയിരുന്നു. ആയുധങ്ങളും മറ്റു അവശ്യവസ്തുക്കളും സിറിയ വഴിയാണ് ഫലസ്തീനികള്‍ക്കും ലബ്‌നാനികള്‍ക്കും ലഭിച്ചിരുന്നത്. സിറിയയിലെ മാറ്റങ്ങള്‍ രണ്ടു പ്രദേശങ്ങളിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി.''-ശെയ്ഖ് നഈം ഖാസിം പറഞ്ഞു.

