ആരാണ് ഹിസ്ബ്ലുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം ?

1970ല്‍ ഇമാം മൂസ അല്‍ സദറിന്റെ അമല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍, ഇസ്രായേല്‍ അധിനിവേശകാലത്ത് 1982ല്‍ ഹിസ്ബുല്ലയുടെ രൂപീകരണത്തില്‍ പങ്കാളിയായി.

Update: 2024-10-30 12:23 GMT

ബെയ്‌റൂത്ത്: ഹസന്‍ നസറുല്ലയുടെ രക്തസാക്ഷിത്വത്തോടെ ഹിസ്ബുല്ല സെക്രട്ടറി ജനറലായി ശെയ്ഖ് നഈം കാസിമിനെ ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. ലെബനാനിലെ നബാതിയ പ്രദേശത്ത് ജനിച്ച ശെയ്ഖ് നഈം കാസിം കുട്ടിക്കാലം മുതല്‍ ശിയാ രാഷ്ട്രീയത്തില്‍ സജീവമായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ബെയ്‌റൂത്തില്‍ നിരവധി മദ്‌റസകള്‍ കാസിം നടത്തിയിരുന്നു.

1970ല്‍ ഇമാം മൂസ അല്‍ സദറിന്റെ അമല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍, ഇസ്രായേല്‍ അധിനിവേശകാലത്ത് 1982ല്‍ ഹിസ്ബുല്ലയുടെ രൂപീകരണത്തില്‍ പങ്കാളിയായി. ഹിസ്ബുല്ലയുടെ രഹസ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ അക്കാലത്ത് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത് എന്ന് വ്യക്തമല്ല. ഒരു കാലത്ത് ഹിസ്ബുല്ലയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും ശെയ്ഖ് നഈം നേതൃത്വം നല്‍കിയിരുന്നു.

1991 മുതല്‍ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി. അബ്ബാസ് അല്‍ മുസാവിയായിരുന്നു അക്കാലത്തെ സെക്രട്ടറി ജനറല്‍. ഇസ്രായേല്‍ ആക്രമണത്തില്‍ മുസാവി പിന്നീട് രക്തസാക്ഷിയായി. അതിന് ശേഷമാണ് ഹസന്‍ നസറുല്ല പദവി ഏറ്റെടുക്കുന്നത്.

ഹസന്‍ നസറുല്ല രക്തസാക്ഷിയായതിന് പിന്നാലെ ഹാഷിം സഫിയുദ്ദീനെ ഹിസ്ബുല്ല സെക്രട്ടറി ജനറലാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ നാലിന് സഫിയുദ്ദീനും രക്തസാക്ഷിയായി. ഹിസ്ബുല്ലയെ തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ശെയ്ഖ് നഈം കാസിം എത്തുന്നതോടെ യുദ്ധത്തിലും മത-സാമൂഹിക പ്രവര്‍ത്തനങ്ങളിലും പതിറ്റാണ്ടുകളുടെ പരിചയമുള്ള നേതാവിനെ തന്നെയാണ് ഹിസ്ബുല്ലയെ നയിക്കാന്‍ ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ്രായേല്‍ ഇപ്പോള്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന നബാതിയ പ്രദേശത്ത് നിന്നുള്ള പണ്ഡിത പോരാളി തന്നെയാണ് അതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ എത്തിയിരിക്കുന്നത്.

Tags: