ഇസ്രായേല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
തിരിച്ചടി ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി മേധാവി മഹ്മൂദ് ക്വോമാത്തി പറഞ്ഞു
ബെയ്‌റൂത്ത്: ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല. തിരിച്ചടി ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി മേധാവി മഹ്മൂദ് ക്വോമാത്തി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രായേല്‍ ലബ്‌നാനില്‍ നിരന്തരമായി വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുല്ലയുടെ പ്രതികരണം.
ഇസ്രായേലിന്റെ കരാര്‍ ലംഘനത്തെ മധ്യസ്ഥരായ യുഎസും ഫ്രാന്‍സും നിസാരവല്‍ക്കരിക്കുകയാണെന്നും മഹ്മൂദ് ക്വോമാത്തി പറഞ്ഞു. അതിനാലാണ് നേരത്തെ ഇസ്രായേലി സൈനികതാവളത്തെ ആക്രമിക്കേണ്ടി വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനം ഇല്ല. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുമായി സംസാരിക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷെ, ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല. അധികം കാലം കാത്തിരിക്കാന്‍ തയ്യാറല്ലെന്നും യുദ്ധം പുനരാരംഭിക്കാന്‍ തയ്യാറാണെന്നും മഹ്മൂദ് ക്വോമാത്തി കൂട്ടിചേര്‍ത്തു.