ഹൈതം അല്‍ തബാതബായ് രക്തസാക്ഷിയായെന്ന് ഹിസ്ബുല്ല

Update: 2025-11-24 04:24 GMT

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുടെ മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അല്‍ തബാതബായ് രക്തസാക്ഷിയായെന്ന് സ്ഥിരീകരണം. ബെയ്‌റൂത്തിന്റെ തെക്കന്‍ ഭാഗത്തെ ഹരാത് ഹെരീക് പ്രദേശത്ത് സയണിസ്റ്റ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് സയ്യിദ് അബു അലി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഹൈതം അല്‍ തബാതബായ് രക്തസാക്ഷിയായതെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ലബ്‌നാനിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ജീവിച്ചയാളാണ് സയ്യിദ് അബു അലിയെന്ന് ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു. '' ജിഹാദിന്റെയും സത്യസന്ധതയുടെയും സ്ഥിരതയുടെയും പാതയില്‍ അദ്ദേഹം ഉറച്ചുനിന്നു. സംഘടനയുടെ സൈനിക ഘടന രൂപീകരിക്കുന്നതില്‍ സയ്യിദ് അബൂ അലി നിര്‍ണായക പങ്കുവഹിച്ചു. ലബ്‌നാനെയും ലബ്‌നാനികളെയും പ്രതിരോധിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിന്നോട്ട് പോയില്ല. ഇപ്പോള്‍ അദ്ദേഹവും രക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്നു. ''-പ്രസ്താവന പറയുന്നു.

1968 നവംബര്‍ അഞ്ചിന് ബെയ്‌റൂത്തിലെ അല്‍ ബഷൂറ പ്രദേശത്ത് ജനിച്ച സയ്യിദ് അബൂ അലി ആദ്യകാലത്ത് തന്നെ ഹിസ്ബുല്ലയില്‍ ചേര്‍ന്നു. 1993, 1996 യുദ്ധങ്ങളില്‍ ഇസ്രായേലിന് കനത്ത പ്രഹരമേല്‍പ്പിക്കുന്ന സൈനികപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. 1996-2000 കാലത്ത് ഷെബ ഫാമുകളില്‍ നബാത്തിയ ആക്‌സിസ് എന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 2000ല്‍ തെക്കന്‍ ലബ്‌നാനെ ഇസ്രായേലില്‍ നിന്നും മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. 2000ത്തിന് ശേഷം ഖിയാം ആക്‌സിസില്‍ പ്രവര്‍ത്തിച്ചു. മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ഹജ്ജ് ഇമാദ് മുഗ്നിയ രക്തസാക്ഷിയായപ്പോള്‍ സ്ഥാനം ഏറ്റെടുത്തു.