തെഹ്‌റാന്‍: ഖത്തറിലെ അല്‍ ഉദൈദ് സൈനികത്താവളത്തിനെതിരായ ആക്രമണം ഇസ്രായേലും യുഎസും അടിച്ചേല്‍പ്പിച്ച യുദ്ധത്തില്‍ നിര്‍ണായകമായ മുന്നേറ്റമാണെന്ന് ഇറാന്‍. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളത്തെയാണ് ആക്രമിച്ചതെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇറാനിലെ ആണവനിലയങ്ങളെ ആക്രമിക്കാന്‍ യുഎസ് ഉപയോഗിച്ച മിസൈലുകളുടെ അതേ എണ്ണം മിസൈലുകളാണ് ഖത്തറിലെ അല്‍ ഉദൈദിലെ സൈനികതാവളത്തെ ആക്രമിക്കാനും ഇറാന്‍ ഉപയോഗിച്ചത്.
ദോഹയ്ക്ക് തെക്ക്പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഉല്‍ ഉദൈദ് സൈനികത്താവളം യുഎസിന്റെ പ്രധാന സൈനിക കേന്ദ്രമാണെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഈ താവളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, അടിസ്ഥാനസൗകര്യം, സൈനികസംവിധാനങ്ങള്‍ എന്നിവ യുഎസിന്റെ സൈനികതന്ത്രത്തിന് അനുയോജ്യമാണ്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനവും സംയുക്ത വ്യോമാക്രണ കേന്ദ്രവുമാണിത്. സമാനമായ ആക്രമണം മധ്യപൗരസ്ത്യദേശത്തെ മറ്റു 18 സൈനിക കേന്ദ്രങ്ങളിലും നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, ഇസ്രായേലിനെതിരായ ആക്രമണത്തില്‍ നിരവധി പോര്‍മുനകളുള്ള ഘദര്‍ മിസൈലുകള്‍ ഉപയോഗിച്ചെന്ന് ഐആര്‍ജിസി അറിയിച്ചു. ഇതിന് പുറമെ സമാനമായ ഖൈബര്‍ ഷെക്കാന്‍ മിസൈലുകളും ഉപയോഗിക്കുന്നുണ്ട്.