ഹെബ്രോണ്‍: ഫലസ്തീനിലെ ഹെബ്രോണ്‍ കേന്ദ്രമായി പ്രത്യേക എമിറേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രായേല്‍ അനുകൂലി 'ഹെബ്രോണ്‍ ശെയ്ഖിന്റെ' കാര്‍ കത്തിച്ചു. തെക്കന്‍ വെസ്റ്റ്ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ഹെബ്രോണിനെ ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്നും വേര്‍പ്പെടുത്തി പ്രത്യേക രാജ്യമാക്കണമെന്നാണ് വാഹിദ് അല്‍ ജാബരി എന്ന 'ശെയ്ഖ്' ആവശ്യപ്പെടുന്നത്. ഇസ്രായേലുമായി യോജിച്ച് ഈ എമിറേറ്റ് സ്ഥാപിക്കുമെന്നും ഇസ്രായേലുമായി എബ്രഹാം ഉടമ്പടിയില്‍ ഒപ്പിടുമെന്നും ഇയാള്‍ പറയുന്നു. വെസ്റ്റ്ബാങ്കിനെ ജൂദിയ എന്നും സമരിയ എന്നും പേരുമാറ്റി ഇസ്രായേലില്‍ ചേര്‍ക്കുമ്പോള്‍ ഹെബ്രോണ്‍, വാഹിദ് അല്‍ ജാബരിക്ക് നല്‍കാമെന്നാണ് ഇസ്രായേല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇസ്രായേലുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായി യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വാഹിദ് അല്‍ ജാബരി പറഞ്ഞിരുന്നു. വാഹിദിന്റെ പിതാവും ഇസ്രായേലി അനുകൂലിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജറുസലേം മുന്‍ ഗവര്‍ണറും ജൂതനുമായ നിര്‍ ബര്‍കാത്ത് ഇയാളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഹെബ്രോണില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഇസ്രായേല്‍ തൊഴില്‍ നല്‍കണം എന്നതാണ് ഈ ശെയ്ഖിന്റെ ഒരു ആവശ്യം. ഏകദേശം ഏഴു ലക്ഷം പേരുള്ള ഹെബ്രോണില്‍ അധികാരത്തിന്റെ ആദ്യ തലത്തില്‍ എട്ട് ശെയ്ഖുകളാണുണ്ടാവുകയെന്ന് ഇയാള്‍ പറയുന്നു. രണ്ടാം തലത്തില്‍ 13 പേരുണ്ടാവും. എല്ലാ ശെയ്ഖുമാരും വാഹിദ് അല്‍ ജാബരിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഹെബ്രോണ്‍ എമിറേറ്റ് ആശയമായി വികസിക്കാന്‍ പോലും അനുവദിക്കില്ലെന്ന് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.(click link to read)
