അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Update: 2025-06-16 12:40 GMT
അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂണ്‍ 16, 17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.

Similar News