നിരപരാധിത്തം തെളിയിക്കാന്‍ അയാള്‍ ജീവന്‍ നല്‍കേണ്ടി വന്നു; ദീപക്കിന്റെ ആത്മഹത്യയില്‍ ഭാഗ്യലക്ഷ്മി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതില്‍ ഒന്നുപോലും നഷ്ടമായാല്‍ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
രണ്ട് പോസ്റ്റുകളായാണ് ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മി പ്രതികരണം അറിയിച്ചത്. ആദ്യപോസ്റ്റില്‍ അവര്‍ വിവാദമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ: 'ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?''- ഭാഗ്യലക്ഷ്മി ചോദിച്ചു.
യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മി മറ്റൊരു പോസ്റ്റ് കൂടെയിട്ടു. 'ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
''കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ പോയി.''- ഭാഗ്യലക്ഷ്മി വിശദീകരിച്ചു.
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിനുപിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദീപക്കിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പയ്യന്നൂരില്‍ ബസില്‍വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാരോപിച്ച് വടകര സ്വദേശിയായ യുവതി വെള്ളിയാഴ്ച സാമൂഹികമാധ്യമത്തില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.
