''നെതന്യാഹു ഭ്രാന്തനാണ്, എല്ലാം ബോംബിട്ട് തകര്‍ക്കുന്നു''; സിറിയയിലെ ആക്രമണത്തെ തുടര്‍ന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍
വാഷിങ്ടണ്‍: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭ്രാന്തനെ പോലെ പെരുമാറുകയാണെന്നും എല്ലാം ബോംബിട്ട് തകര്‍ക്കുകയാണെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍. യുഎസ് മാധ്യമമായ ആക്‌സിയോസാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പദ്ധതികളെ ഇസ്രായേലിന്റെ പ്രവൃത്തികള്‍ ബാധിക്കുമോയെന്ന് വൈറ്റ്ഹൗസിന് ആശങ്കയുണ്ട്.
ഗസയിലെ ഹോളി ഫാമിലി ചര്‍ച്ച് ആക്രമിച്ചതില്‍ നെതന്യാഹുവിനോട് ട്രംപ് വിശദീകരണം തേടിയിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. '' ഓരോ ദിവസവും നെതന്യാഹു പുതിയ തലവേദനകള്‍ കൊണ്ടുവരുന്നു. ഇതെന്ത്....(തെറി)ആണ്''-ഉദ്യോഗസ്ഥന്‍ ചോദിച്ചു.
ട്രംപ് ഇടപെട്ട് സിറിയയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നിട്ടും ഇസ്രായേല്‍ ഇടക്കിടെ വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയയുമായി സമാധാനമുണ്ടാക്കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍ ഇസ്രായേല്‍ ബോംബിടുന്നത് അന്യായമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസിന്റെ നയതന്ത്ര നീക്കങ്ങളെ ഇസ്രായേല്‍ തടസപ്പെടുത്തുന്നുവെന്നാണ് യുഎസിന്റെ സിറിയന്‍ പ്രതിനിധിയായ തോമസ് ബരാക്ക് ആരോപിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ച ക്രിസ്ത്യന്‍ ദേവാലയം ഇസ്രായേിലെ യുഎസ് പ്രതിനിധി മൈക്ക് ഹക്കാബി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ഇസ്രായേല്‍ വിസ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
