കൊച്ചി: ചാനല്‍ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി താല്‍ക്കാലമായി തടഞ്ഞിട്ടുണ്ട്. ഈ കേസിന് ശേഷം രാഹുലിനെതിരേ മറ്റൊരു പീഡനക്കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി തന്നെ രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കി. തിരുവനന്തപുരം സിറ്റി പോലിസിന്റെ പ്രത്യേക സംഘമാണ് ആദ്യ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അന്വേഷണം ഏകോപിപ്പിക്കാന്‍ രണ്ട് കേസുകളും ഇനി ഒരു ഏജന്‍സിയാകും അന്വേഷണം നടത്തുക. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (എഐജി) ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് രണ്ടാമത്തെ കേസ് കൈകാര്യം ചെയ്യുന്നത്. ആദ്യ കേസിലും എഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. രണ്ടാം കേസില്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ജനുവരി ആദ്യവാരമായിരിക്കും രണ്ടാമത്തെ കേസ് പരിഗണിക്കുക.