150 വര്‍ഷം പഴക്കമുള്ള ഖബറിസ്ഥാന്‍ പൊളിക്കുന്നതിന് സ്റ്റേ

Update: 2025-12-20 09:11 GMT

ജബല്‍പൂര്‍: മധ്യപ്രദേശിലെ കത്‌നി ജില്ലയിലെ സ്ലീമാനാബാദ് ഖബര്‍സ്ഥാന്‍ പൊളിച്ചുനീക്കുമെന്ന അധികൃതരുടെ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. 150 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാന്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് വാദിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് അധികൃതര്‍ തീരുമാനമെടുത്തിരുന്നത്. തുടര്‍ന്ന് മുസ്‌ലിം സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴ് ഏക്കര്‍ ഭൂമിയിലെ ഖബര്‍സ്ഥാനില്‍ ആയിരത്തില്‍ അധികം ഖബറുകളുണ്ടെന്നും സംഘടനകള്‍ വാദിച്ചു. അടുത്തകാലത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഖബര്‍സ്ഥാന്‍ നിര്‍മിച്ചെങ്കില്‍ ആയിരത്തോളം ഖബറുകള്‍ സാധ്യമല്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. തുടര്‍ന്ന് ഭൂമിയുമായി ബന്ധപ്പെട്ട് കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന രേഖകളെല്ലാം കൈമാറാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് ഇനി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും.