മൈസൂര്‍ ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും; ബിജെപി നേതാവിന്റെ ഹരജി തള്ളി ഹൈക്കോടതി
ബെംഗളൂരു: എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ ഭാനു മുഷ്താഖ് മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് പ്രതാപ് സിന്‍ഹ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. മറ്റൊരു മതത്തില്‍ ഉള്‍പ്പെട്ട വ്യക്തി ദസറ ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ വാദം. എന്നാല്‍, ഈ വാദം ചീഫ്ജസ്റ്റിസ് വിഭു ഭക്രു അധ്യക്ഷനായ ബെഞ്ച് തള്ളി. ഭാനു മുഷ്താഖിനെ ദസറ ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടി ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. '' ഇന്ത്യ മതേതര രാജ്യമാണ്. ഭാനു വരുന്നതോടെ ഹിന്ദുക്കളുടെ അവകാശങ്ങളൊന്നും ഹനിക്കപ്പെടുന്നില്ല.''-കോടതി വ്യക്തമാക്കി.
കവി നിസാര്‍ അഹമദായിരുന്നു 2017ലെ ദസറ ഉല്‍സവത്തിലെ മുഖ്യാതിഥിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്ന് പ്രതാപ് സിന്‍ഹ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ അതിനെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സിന്‍ഹയുടെ ഹരജി തള്ളുകയാണെന്നും കോടതി ചെലവ് ആവശ്യപ്പെടുന്നില്ലെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.