വിവാഹദിവസം ധരിച്ച ആഭരണങ്ങള്‍ക്ക് രേഖകളില്ലാത്തത് നീതി നിഷേധിക്കാന്‍ കാരണമാവരുത്: ഹൈക്കോടതി

Update: 2025-04-30 03:36 GMT

കൊച്ചി: വിവാഹ സമയത്ത് വധു ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതി നിഷേധത്തിന് കാരണമാവരുതെന്ന് ഹൈക്കോടതി. സ്വര്‍ണാഭരണങ്ങള്‍ തന്റേതാണെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീക്ക് രസീതോ മറ്റെന്തെങ്കിലും രേഖയോ ലഭ്യമല്ലാത്തതിനാല്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകുന്നു. ഈ സത്യം തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ രേഖമൂലമുള്ള തെളിവുകളുടെ അഭാവത്തിലും നീതിനല്‍കുകയാണ് കോടതികള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി ശ്രീലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ചൂണ്ടികാട്ടി.

ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് വിവാഹ സമയത്ത് തനിക്കുണ്ടായിരുന്ന 59.5 പവന്‍ സ്വര്‍ണാഭരണങ്ങളും വീട്ടു സാധനങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി എറണാകുളം കുടുംബ കോടതി തള്ളിയതിനെ തുടര്‍ന്നാണ് കളമശേരി സ്വദേശിനിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സ്വര്‍ണം നല്‍കാന്‍ മുന്‍ ഭര്‍ത്താവിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം വീട്ടുപകരണങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും അത് തിരിച്ചു നല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡനകേസുകളും സ്ത്രീധന പീഡന കേസുകള്‍ വരുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകള്‍ പറയുകയെന്നും ഇത്തരം സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ പോലെ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികള്‍ മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.