''തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി നല്‍കുക''; മുഹമ്മദ് നബിയെ ഉദ്ധരിച്ച് തൊഴില്‍തര്‍ക്കത്തില്‍ വിധി പറഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തൊഴില്‍ തര്‍ക്കത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദ്ധരിച്ച് വിധി പറഞ്ഞ് മദ്രാസ് ഹൈക്കോടതി. മധുര കോര്‍പറേഷനു വേണ്ടി 818 കേസുകളില്‍ ഹാജരായിട്ടും ഫീസ് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് പി തിരുമലൈ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുമ്പോഴാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ ജഡ്ജി ഉദ്ധരിച്ചത്. ''തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി നല്‍കുക''എന്ന ഉദ്ധരണിയാണ് ജഡ്ജി ഉപയോഗിച്ചത്. '' ഈ തത്വം നീതിയുടെ ഒരു വശമാണ്, തൊഴില്‍ നിയമശാസ്ത്രത്തില്‍ ഇത് വളരെ ബാധകമാണ്. നിലവിലുള്ള കേസിലും ഇത് പ്രയോഗിക്കാവുന്നതാണ്.''-ജഡ്ജി പറഞ്ഞു.
1992 മുതല്‍ 2006 വരെയാണ് പി തിരുമലൈ മധുര കോര്‍പറേഷന് വേണ്ടി കേസുകള്‍ നടത്തിയിരുന്നത്. 818 കേസുകള്‍ നടത്തിയിട്ടും ഫീസ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നല്‍കിയത്. 14 ലക്ഷം രൂപ തനിക്ക് ഫീസായി നല്‍കാനുണ്ടെങ്കിലും 1.02 ലക്ഷം മാത്രമാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തിരുമലൈക്ക് അനുകൂലമായി കോടതി വിധിച്ചത്. രണ്ടുമാസത്തിനുള്ളില്‍ ഫീസ് അടച്ചുതീര്‍ക്കാന്‍ കോര്‍പറേഷന് കോടതി നിര്‍ദേശവും നല്‍കി.