പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ മുരുകേശ് നരേന്ദ്രന്‍, ഷാജന്‍ സ്‌കറിയയുടെ 'മറുനാടന്‍ മലയാളി' ചാനലിന് 50 ലക്ഷം രൂപ കൈമാറിയെന്ന് അന്‍വര്‍ നേരത്തേ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
കൊച്ചി: പോലിസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സിബിഐക്കും ഡിആര്‍ഐക്കും മലപ്പുറം സൈബര്‍ പോലിസിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അന്വേഷണത്തിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. പ്ലാന്ററും ബിസിനസുകാരനുമായ കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടും കൃത്യമായ അന്വേഷണങ്ങള്‍ നടന്നില്ലെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ ആ വിധിയുടെ ലംഘനവും കൂടിയാണ്. പോലിസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ മുരുകേശ് നരേന്ദ്രന്‍, ഷാജന്‍ സ്‌കറിയയുടെ 'മറുനാടന്‍ മലയാളി' ചാനലിന് 50 ലക്ഷം രൂപ കൈമാറിയെന്ന് അന്‍വര്‍ നേരത്തേ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസ് ഇനി ജനുവരി 16നാണ് പരിഗണിക്കുക.
വിഷയത്തില്‍ നേരത്തെ പി വി അന്‍വറിന് എതിരെ കോട്ടയം കറുകച്ചാല്‍ പോലിസ് കേസെടുത്തിരുന്നു.നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. പോലീസിന്റെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ അന്‍വര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് സിപിഎം അറിയിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ സ്വാഭാവികമായും പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതെല്ലാം സ്വാഭാവികമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്ന് നേരത്തെ ഗവര്‍ണറും വ്യക്തമാക്കിയിരുന്നു.
