അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനക്ക് 21 വര്‍ഷം കഠിനതടവ്

Update: 2025-11-27 11:09 GMT

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അഴിമതിക്കേസുകളില്‍ 21 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്കും മകള്‍ സൈമ വാസിദ് പുതുലിനും അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്നതിനാല്‍ ഹസീനയെ ശിക്ഷിക്കാന്‍ ബംഗ്ലാദേശി സര്‍ക്കാരിനാവില്ല. അതേസമയം, മകളും മകനും ജയിലില്‍ പോവേണ്ടി വരും. പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിനു കീഴില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷന്‍ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ആറ് കേസുകളായിരുന്നു ഫയല്‍ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളില്‍ ഡിസംബര്‍ ഒന്നിന് വിധി പറയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ജൂലൈയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി കൊലപാതകങ്ങള്‍ നടത്തിയെന്ന കേസുകളില്‍ ഷെയ്ഖ് ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.