''രോഹിങ്ഗ്യകളെ അഭയാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ടോ ? നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യണോ'': സുപ്രിംകോടതി
ന്യൂഡല്‍ഹി: മ്യാന്‍മറിലെ രോഹിങ്ഗ്യന്‍ മുസ്‌ലിംകളെ കേന്ദ്രസര്‍ക്കാര്‍ അഭയാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് സുപ്രിംകോടതി. അങ്ങനെയില്ലെങ്കില്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യേണ്ടതുണ്ടോയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഡല്‍ഹിയില്‍ നിന്നും കാണാതായ രോഹിങ്ഗ്യകളെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. നിയമവിരുദ്ധമായി എത്തിയവരെ നാടുകടത്തുന്നതില്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നിയമപരമായി വേണം നാടുകടത്താനെന്ന് അഭിഭാഷകര്‍ ഇതിന് മറുപടി നല്‍കി. എന്നാല്‍ കോടതി ഇതിനെ വിമര്‍ശിച്ചു. '' രാജ്യത്തേക്ക് വരുമ്പോള്‍ നിയമപരമായി വേണം വരാന്‍. തുരങ്കം കുത്തി അതിര്‍ത്തി കടന്നാണ് വരുന്നത്. രാജ്യത്ത് വന്നതിനാല്‍ നിയമം നടപ്പാക്കണമെന്നും പറയുന്നു. കൂടാതെ ഭക്ഷണവും താമസവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വേണമെന്നും പറയുന്നു. കാര്യങ്ങളെ ഇത്രയും വലിച്ച് നീട്ടേണ്ടതുണ്ടോ?''-കോടതി ചോദിച്ചു.
2020ലെ സലീമുല്ല കേസിലെ വിധി പ്രകാരം വേണം നാടുകടത്തലെന്ന് അഭിഭാഷകര്‍ വാദിച്ചു. രാജ്യത്ത് പൗരന്‍മാരായ നിരവധി ദരിദ്രരുണ്ടെന്നും അവരെയാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് കോടതി ഇതിന് മറുപടി നല്‍കിയത്. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.