മുടിവെട്ടാന്‍ പറഞ്ഞ പറഞ്ഞ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

Update: 2025-07-10 12:23 GMT

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പാലിനെ പ്ലസ് ടു വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ കര്‍താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായ ജഗ്ബീര്‍ പന്നുവാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കത്തിയുമായെത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പോലീസ് പറയുന്നത്. അഞ്ച് തവണയാണ് കുത്തേറ്റത്. ഉടന്‍തന്നെ ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ ഇവരെ നേരത്തേ ശാസിച്ചിരുന്നതായാണ് വിവരം. വിദ്യാര്‍ഥികളോട് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും പ്രിന്‍സിപ്പല്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. വിദ്യാര്‍ഥികള്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.