''ഇസ്രായേലി സൈന്യത്തില്‍ ചേരില്ല'' ഹരുദി ജൂത പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു
തെല്‍അവീവ്: ഹരുദി ജൂതന്‍മാരെ ഇസ്രായേലി സൈന്യത്തില്‍ ചേര്‍ക്കുന്നതിനെതിരേ ഹരുദി പാര്‍ട്ടികള്‍ സമരം ശക്തമാക്കുന്നു. ഇസ്രായേലി സര്‍ക്കാരിന്റെ ഹരുദി വിരുദ്ധനയത്തില്‍ ലോകവ്യാപകമായി പ്രതിഷേധിക്കുമെന്ന് റബ്ബി ഡോവ് ലന്‍ഡാവു പ്രഖ്യാപിച്ചു. ഇസ്രായേലി ജനസംഖ്യയിലെ 14 ശതമാനം അഥവാ 13 ലക്ഷം പേര്‍ ഹരുദികളാണ്. അവര്‍ക്കിടയിലെ 66,000 പേര്‍ സൈനിക സര്‍വീസിനുള്ള പ്രായമുള്ളവരാണെങ്കിലും അവര്‍ക്ക് ഇളവുണ്ട്. പക്ഷേ, ജൂലൈ മുതല്‍ ഇസ്രായേലി സര്‍ക്കാര്‍ അവര്‍ക്കും സൈനിക സേവനത്തിനുള്ള നോട്ടിസ് നല്‍കി തുടങ്ങി. ഇതേ തുടര്‍ന്ന് രണ്ടു ഹരുദി പാര്‍ട്ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
ജൂത മതഗ്രന്ഥങ്ങള്‍ പഠിക്കുന്ന ഹരുദികളെ സൈന്യത്തില്‍ ചേര്‍ക്കരുതെന്ന തീരുമാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. എന്നാല്‍, ഗസയില്‍ അധിനിവേശം നടക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇതാണ് ഹരുദി ജൂതന്‍മാരെ പ്രകോപിപ്പിച്ചത്. സൈന്യത്തില്‍ ചേര്‍ത്താല്‍ മരിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം.
ഇസ്രായേല്‍ അറബികള്‍ ഭരിക്കണമെന്നാണ് ഡോവ് ലന്‍ഡാവു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. മുന്‍കാലങ്ങളിലെന്ന പോലെ സ്വന്തമായി രാജ്യമില്ലാതെയും ജൂതന്മാര്‍ക്ക് അറബികള്‍ക്കൊപ്പം നന്നായി ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു. '' 90 വര്‍ഷം മുമ്പ് ഫൈസല്‍ രാജാവുമായി സഹകരിക്കുകയായിരുന്നുവെങ്കില്‍ സംഘര്‍ഷം ഉണ്ടാവുമായിരുന്നില്ല. അറബികളോട് നന്നായി പെരുമാറുകയായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. അറബികളെ വെറുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്.''-അദ്ദേഹം വിശദീകരിച്ചു.
മതഗ്രന്ഥമായ തൗറാത്ത് (തോറ) വളച്ചൊടിച്ചാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ജൂതന്‍മാര്‍ കൊല്ലപ്പെടുന്നത്. സയണിസ്റ്റുകള്‍ ജൂതന്മാര്‍ക്ക് ആത്മീയദുരന്തങ്ങള്‍ക്കൊപ്പം ഭൗതികദുരന്തങ്ങളും കൊണ്ടുവന്നു. സയണിസത്തിന് ജൂതമതവുമായി ഒരു ബന്ധവുമില്ല. തൗറാത്ത് പഠിക്കുന്നവരെ സൈന്യത്തില്‍ ചേര്‍ക്കുന്ന ഭരണകൂടത്തിന് നിലനില്‍ക്കാന്‍ അവകാശമില്ല. ''ഇസ്രായേലി സൈന്യം നമുക്കെതിരെ യുദ്ധത്തിലാണ്. അവര്‍ തോറ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.''അദ്ദേഹം പറഞ്ഞു.

