''ഹനുമാന്‍ സുപ്പര്‍മാനേക്കാളും സ്‌പൈഡര്‍മാനേക്കാളും ശക്തന്‍'': ശാസ്ത്ര സമ്മേളനത്തില്‍ ആന്ധ്ര മുഖ്യമന്ത്രി
തിരുപ്പതി: ഇന്ത്യന്‍ പുരാണ നായകര്‍ ഹോളിവുഡിലെ നായകന്‍മാരേക്കാളും മികച്ചവരാണെന്നും ഈ അറിവ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. തിരുപ്പതി സാംസ്‌കാരിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹനുമാന്‍, അര്‍ജുനന്‍, രാമന്‍, കൃഷ്ണന്‍, ശിവന്‍ തുടങ്ങിയവര്‍ സമാനതകളില്ലാത്ത ശക്തിയെയും മൂല്യങ്ങളെയും ജ്ഞാനത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് ചന്ദ്രബാബു നായ്ഡു പറഞ്ഞു. ഹനുമാന്റെ ശക്തി സൂപ്പര്‍മാനെക്കാള്‍ അപ്പുറമാണെന്നും അര്‍ജുനന്‍ ആധുനിക സാങ്കല്‍പ്പിക നായകന്മാരേക്കാള്‍ വലിയ യോദ്ധാവാണെന്നും നീതിയുടെ ഏറ്റവും ഉയര്‍ന്ന പ്രതീകമായി ശ്രീരാമന്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമായണം, മഹാഭാരതം തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫാന്റസി സിനിമകളേക്കാള്‍ ആഴത്തിലുള്ള ജീവിതപാഠങ്ങള്‍ നല്‍കുന്നുവെന്നും ശക്തമായ കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്ക് നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ ടി രാമറാവു സിനിമയിലൂടെ പുരാണങ്ങളോടുള്ള താല്‍പര്യം പുനരുജ്ജീവിപ്പിച്ചു. സമൂഹത്തിലുടനീളം മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമകളെ ഉപയോഗിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.