ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മൗലാന മൗജ് ദര്‍ഗയില്‍ ഹനുമാന്‍ ഭജന നടത്തി ഹിന്ദുത്വര്‍. ദര്‍ഗയില്‍ ചാദര്‍ നല്‍കാനും കവ്വാലി നടത്താനുമായിരുന്നു അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കവ്വാലിക്ക് പകരം ഹനുമാന്‍ ഭജനയാണ് നടന്നത്. ഹനുമാന്‍ ഭജന നടത്തിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് ദര്‍ഗ അധികൃതര്‍ അറിയിച്ചു. സന്ന്യാസി എന്ന് അവകാശപ്പെടുന്ന ബാബ ബം ബം ഭോലെയാണ് ചാദര്‍ സമര്‍പ്പിക്കാന്‍ അനുമതി തേടിയതെന്ന് ദര്‍ഗ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇര്‍ഫാന്‍ അഹമദ് പറഞ്ഞു. എല്ലാ സമുദായക്കാരും സന്ദര്‍ശിക്കുന്ന സ്ഥലമായതിനാല്‍ അനുമതി നല്‍കി. അതിന് ശേഷം സന്ന്യാസി ചാദറുമായി എത്തി. ചാദര്‍ സമര്‍പ്പിച്ച ശേഷം ദര്‍ഗ കമ്മിറ്റി അംഗങ്ങള്‍ പോയി. അതിന് ശേഷമാണ് ഹനുമാന്‍ ഭജന നടന്നത്. ചാദര്‍ സമര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും എന്നാല്‍ ബാബ ബം ബം ഭോലെ ഹനുമാന്‍ ഭജന നടത്തിയെന്ന് ചടങ്ങില്‍ പങ്കെടുത്ത കുല്‍ദീപ് എന്നയാള്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കുന്നില്ലെന്ന് ദര്‍ഗ കമ്മിറ്റി അറിയിച്ചു.