ഗസയിലെ ഇസ്രായേലി ആക്രമണം അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നത്: ഹമാസ്

Update: 2025-01-18 01:20 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കൊലകളും ആക്രമണങ്ങളും അവരുടെ സ്വഭാവവും രക്തദാഹവും സ്ഥിരീകരിക്കുന്നതാണെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട ശേഷവും അവര്‍ ആക്രമണങ്ങള്‍ വ്യാപകമാക്കി. സാധാരണക്കാര്‍ കൂടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ വരെ ബോംബാക്രമണം നടത്തി. നൂറിലധികം ഫലസ്തീനികളാണ് ഈ ആക്രമണങ്ങളില്‍ രക്തസാക്ഷികളായിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളുടെ നീണ്ട പട്ടികയില്‍ ഈ കൂട്ടക്കൊലകളും കൂടി ചേരുകയാണ്.

വെടിനിര്‍ത്തല്‍ കരാറിനെ ദുര്‍ബലപ്പെടുത്താനും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. അതിനാല്‍, സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹവും ഐക്യരാഷ്ട്രസഭയും ബന്ധപ്പെട്ട എല്ലാ കക്ഷികളും ഇടപെടണം. സയണിസ്റ്റ് ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്രകോടതികളില്‍ ശിക്ഷിക്കാന്‍ വേണ്ട നടപടികളുണ്ടാവണം. ഗസയിലും ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും ഹമാസ് അഭ്യര്‍ത്ഥിച്ചു.