ഗസ സിറ്റി: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗം ഖേദകരമാണെന്ന് ഹമാസ്. ഹമാസ് നിരായുധീകരിക്കണമെന്ന മഹ്മൂദ് അബ്ബാസിന്റെ ആവശ്യം ഇസ്രായേലിന്റെ താല്‍പര്യം സംരക്ഷിക്കലാണെന്ന് ഗസയിലെ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റിഷ്ഖ് പ്രസ്താവനയില്‍ പറഞ്ഞു. ഗസയിലും ഫലസ്തീനിലും ഇസ്രായേലികള്‍ കൂട്ടക്കൊലകള്‍ നടത്തുമ്പോള്‍ ഫലസ്തീനി സായുധ പ്രതിരോധത്തെ അപലപിക്കുന്ന പ്രസംഗമാണ് അബ്ബാസ് നടത്തിയത്.
ഗസയുടെ ഭാവി ഭരണത്തില്‍ ഹമാസിന് പങ്കുണ്ടാവരുതെന്ന അബ്ബാസിന്റെ പ്രസ്താവന ഹമാസ് തള്ളിക്കളഞ്ഞു. വിദേശശക്തികളുടെ സമ്മര്‍ദ്ദമാണ് അബ്ബാസിന്റെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്. അത് ഫലസ്തീനി ദേശീയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട കരാറുകളുടെ ലംഘനമാണ്. തങ്ങളെ ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ ഹനിക്കുന്ന നിലപാടാണ് അത്. ഫലസ്തീനി സ്വയംനിര്‍ണയാവകാശത്തെ ഹനിക്കുന്ന നിലപാടാണ് അബ്ബാസ് മുന്നോട്ടുവച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസ് അനുവദിക്കാത്ത സമയത്താണ് അബ്ബാസ് ഇത്തരം പ്രസ്താവന നടത്തിയെന്നത് ഖേദകരമാണ്. ഇസ്രായേലി സൈന്യവുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ് അബ്ബാസ് ചെയ്യേണ്ടത്. വൈദേശിക താല്‍പര്യം സംരക്ഷിക്കുന്നതിന് പകരം ദേശീയ ഐക്യത്തിനാണ് അബ്ബാസ് ശ്രമിക്കേണ്ടത്. ഫലസ്തീനികളുടെ സംഘടിതമായ പ്രതിരോധത്തിനാണ് ദേശീയ വിമോചനവും അല്‍ ഖുദ്‌സ് തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനും സാധിക്കുകയെന്നും ഇസ്സത്ത് അല്‍ റിഷ്ഖ് പറഞ്ഞു.