ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു; തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിച്ച് ഹമാസ്
ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ നിരന്തരമായി ലംഘിക്കുന്നതിനാല്‍ തടവുകാരെ കൈമാറുന്ന നടപടികള്‍ മരവിപ്പിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. വരുന്ന ശനിയാഴ്ച്ച ജൂതത്തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതാണെന്നും ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം മൂലം അത് മരവിപ്പിക്കുകയാണെന്നും അല്‍ ഖസ്സം ബ്രിഗേഡിന്റെ വക്താവായ അബു ഉബൈദ പ്രസ്താവനയില്‍ അറിയിച്ചു.
''സയണിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ച്ചയായി നിരീക്ഷിച്ചുവരുകയായിരുന്നു. അധിനിവേശ കാലത്ത് തെക്കന്‍ ഗസയിലേക്ക് അഭയാര്‍ത്ഥികളായി പോയവരെ വടക്കന്‍ ഗസയിലേക്ക് വരുന്നതില്‍ നിന്ന് തടയുക, ഗസയിലെ വിവിധ പ്രദേശങ്ങളില്‍ ഷെല്ലാക്രമണം നടത്തുക, ദുരിതാശ്വാസ വസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ തടയുക, എന്നിവയെല്ലാം കരാര്‍ ലംഘനമാണ്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫലസ്തീനികള്‍ ചെയ്തു. ഇസ്രേയേല്‍ അതിന്റെ ബാധ്യതകള്‍ പാലിക്കും വരെ തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിക്കുകയാണ്. ''-അബു ഉബൈദ വിശദമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന കാര്യം മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരെ അറിയിച്ചിരുന്നതായി മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. കരാറിന് ശേഷം 25 ഫലസ്തീനികളെ ഇസ്രായേലി സൈന്യം കൊന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഹമാസ് ഇപ്പോഴും സന്നദ്ധമാണ്. പക്ഷെ, കരാര്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.