സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുന്നത് വരെ ആയുധം താഴെ വയ്ക്കില്ല: ഹമാസ്

Update: 2025-08-02 14:52 GMT

ഗസ സിറ്റി: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ ആയുധം താഴെ വയ്ക്കില്ലെന്ന് ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. ഫലസ്തീനികളുടെ ദേശീയ അവകാശങ്ങള്‍ പുനസ്ഥാപിക്കാതെയും ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെയും സായുധ ചെറുത്തുനില്‍പ്പ് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഹമാസ് വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഹമാസ് നിരായുധീകരിക്കണമെന്നും ഗസയുടെ ഭരണത്തില്‍ പങ്കെടുക്കരുതെന്നുമാണ് ആവശ്യം. ദ്വിരാഷ്ട്ര പരിഹാരം വരുമ്പോള്‍ ഇസ്രായേലിനുണ്ടാവുന്ന സുരക്ഷാ ഭീഷണി ഇല്ലാതാക്കാനാണത്രെ ഈ തീരുമാനം.

1967ലെ ആറ് ദിവസ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തികള്‍ പ്രകാരം ഫലസ്തീന്‍ രാഷ്ട്രം ആവാമെന്നാണ് യുഎന്‍ പ്രമേയങ്ങള്‍ പറയുന്നത്. എന്നാല്‍, ഈ പ്രദേശങ്ങളില്‍ ഭൂരിപക്ഷം സ്ഥലത്തും ജൂത കുടിയേറ്റ കേന്ദ്രങ്ങളാണ്. അതേസമയം, ദ്വിരാഷ്ട്ര പരിഹാരം പൈശാചിക ഗൂഡാലോചനയാണെന്ന് ഇറാനിലെ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോപ്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 2024 ജൂലൈ 31ന് തെഹ്‌റാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയുടെ ഓര്‍മദിനത്തിലാണ് ഐആര്‍ജിസിയുടെ പ്രസ്താവന. ഫലസ്തീനി പ്രതിരോധ മുന്നണിയുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ ഗസയുടെയും ഫലസ്തീന്‍ രാഷ്ട്രത്തിന്റെയും വിജയവും വ്യാജ സയണിസ്റ്റ് രാജ്യത്തിന്റെയും സ്‌പോണ്‍സര്‍മാരുടെയും പരാജയവും ഉറപ്പാക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ വിധി നിര്‍ണയിക്കുന്ന ചിന്താധാരയും പ്രവര്‍ത്തന തന്ത്രവുമാണ് തൂഫാനുല്‍ അഖ്‌സ. ഇസ്രായേലിനെ ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഇസ്മാഈല്‍ ഹനിയ പ്രഖ്യാപിച്ചിരുന്നത്. സയണിസ്റ്റ് ഭരണകൂടം വംശഹത്യ നടത്തിയിട്ടും ഗസയിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ധൈര്യവും ചെറുത്തുനില്‍പ്പും ഫലസ്തീന്റെയും വിശുദ്ധ അല്‍ ഖുദ്‌സിന്റെയും മോചനത്തിലേക്ക് നയിക്കുമെന്ന് നമ്മെ വിശ്വസിപ്പിക്കുന്നതായും പ്രസ്താവന പറയുന്നു.

ലബ്‌നാനിലെ ഹിസ്ബുല്ലയെ നിരായുധീകരിക്കാനും യുഎസ് നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇസ്രായേലുള്ള കാലത്തോളം നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു കഴിഞ്ഞു.